ബ്രിട്ടനിൽനിന്നു തമിഴ്നാട്ടിൽ എത്തിയ 360 പേരെ കാണാനില്ല, ആശങ്ക ഉണ്ടാക്കുന്നു.

ചെന്നൈ /ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം തിരിച്ചറിഞ്ഞ ശേഷം ബ്രിട്ടനിൽനിന്നു തമിഴ്നാട്ടിൽ എത്തിയ 360 പേരെ കാണാനില്ലെന്ന ആരോഗ്യ വകുപ്പിന്റെ വെളിപ്പെടുത്തൽ ആശങ്കപരത്തുന്നു. ചെന്നൈ, ചെങ്കൽപേട്ട് ജില്ലക്കാരായ 360 പേരെയാണ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞിരിക്കുന്നത്. വിമാനത്താവളത്തിൽ വ്യാജ വിലാസം നൽകിയതാവാം ഇവരെ കണ്ടെത്താൻ കഴിയാത്തതിന് കാരണമെന്നാണ് കരുതുന്നത്. ഇവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചൊരിക്കുകയാണ്.
ബ്രിട്ടനിൽ നിന്ന് നവംബർ 25നും ഡിസംബർ 23നും ഇടയിൽ എത്തിയ 2,300 പേരിൽ 1,936 പേരെ കണ്ടെത്തി പരിശോധിച്ചതിൽ 24 പേർ പോസിറ്റീവായിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയിരുന്ന 20 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,853 പേർ നെഗറ്റീവ് ആയി. 59 പേരുടെ ഫലം ഇനി കിട്ടാനുണ്ട്. ഇവരിൽ പുതിയ വകഭേദമാണോ ബാധിച്ചതെന്നറിയാൻ സ്രവസാംപിളുകൾ പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പെട്ടെന്ന് ലഭിക്കുന്നതിനായി സാംപിളുകൾ ബെംഗളൂരുവിലെ നിംഹാൻസ്, നാഷനൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ് ഫോർ ജീനൊമിക് അനാലിസിസ് എന്നിവിടങ്ങളിലേക്ക് അയയ്ക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുവരെ ചെന്നൈ സ്വദേശിയായ ഒരാളിൽ മാത്രമാണു ബ്രിട്ടൻ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇയാളെ ഗിണ്ടിയിലെ കിങ്സ് ആശുപത്രിയിലെ പ്രത്യേക വാർഡിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.