രാജ്യത്ത് സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കുന്നു.

ന്യൂഡൽഹി / രാജ്യത്ത് സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കുന്നു. പുകയില ഉത്പന്നങ്ങൾ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചു നിലവിലുള്ള പുകയില നിരോധന നിയമം COTPA 2003 ആണ് കേന്ദ്ര സർക്കാർ ഇതിനായി ഭേദഗതി വരുത്തുന്നത്. നിലവിൽ 18 വയസ്സാണു പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിനുള്ള പിഴ 200 രൂപയിൽനിന്ന് 2000 രൂപയാക്കുമെന്നാണ് ബില്ലിന്റെ കരടിൽ പറയുന്നത്.
പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് കേന്ദ്ര സർക്കാർ തയാറാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ ഭേദഗതിക്ക് പിന്നിൽ. ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉത്പന്നം 21 വയസ്സിൽ താഴെയുള്ളയാൾക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ പരിധിയിലോ വിൽക്കുകയോ വിൽക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല. പുകയില നിരോധന നിയമത്തിന്റെ 7ാം വകുപ്പും ഭേദഗതി ചെയ്തിട്ടുണ്ട്. നിയമം തെറ്റിക്കുന്നവർ രണ്ടു വർഷംവരെ തടവും ഒരു ലക്ഷം വരെ പിഴയും ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. വളരെ കുറച്ച് അളവിൽ പുകയില ഉത്പന്നങ്ങൾ നേരിട്ടോ അല്ലാതെയോ വിൽക്കുന്നതോ വിതരണം ചെയ്യുന്നതോ കുറ്റകരമാണെന്ന വ്യവസ്ഥ കൂടി വ്യവസ്ഥകളിൽ ചേർക്കുന്നുണ്ട്. ഇത് ലംഘിക്കുന്നവർക്ക് അഞ്ചു വർഷംവരെ തടവും പിഴയും ആണ് ശിക്ഷ.