മഹല്ല് പ്രസിഡന്‍റിനെ സാമൂഹ്യവിരുദ്ധർ ചെരുപ്പിനുള്ളിൽ സൂപ്പര്‍ ഗ്ലൂ പശയൊഴിച്ചു കുരുക്കിലാക്കി,കാലും ചെരിപ്പും തമ്മിൽ വേർപെടുത്താനാവാതെ വലഞ്ഞതോടെ മഹല്ല് പ്രസിഡന്‍റിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു, മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ആശുപത്രിയിൽവെച്ച് കാലും ചെരുപ്പും തമ്മിൽ വേർപെടുത്താനായത്.

കൽപ്പറ്റ / നിസ്ക്കരിക്കാനെത്തിയ മഹല്ല് പ്രസിഡന്‍റിനെ സാമൂഹ്യവിരുദ്ധർ ചെരുപ്പിനുള്ളിൽ സൂപ്പര്‍ ഗ്ലൂ പശയൊഴിച്ചു കുരുക്കിലാക്കി. കാലും ചെരിപ്പും തമ്മിൽ വേർപെടുത്താനാവാതെ വലഞ്ഞതോടെ മഹല്ല് പ്രസിഡന്‍റിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ആശുപത്രിയിൽവെച്ച് കാലും ചെരുപ്പും തമ്മിൽ വേർപെടുത്താനായത്. വയനാട് ജില്ലയിലെ മാനന്തവാടി എരുമത്തെരുവിൽ നടന്ന സംഭവത്തിൽ മഹല്ല് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. മഹല്ല് പ്രസിഡന്‍റിന്റെ ചെരുപ്പിനുള്ളിൽ വിദേശനിർമ്മിത പശയാണ് സാമൂഹ്യ വിരുദ്ധർ ഒഴിച്ച് കടന്നു കളഞ്ഞത്. മാനന്തവാടി എരുമത്തെരുവ് ഇസ്ലാം പള്ളിയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് സന്ധ്യാ നിസ്‌ക്കരിക്കാനെത്തിയ മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സാമൂഹ്യവിരുദ്ധര്‍ സൂപ്പര്‍ ഗ്ലൂ പോലെയുള്ള പശ ഒഴിക്കുന്നത്. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് കാലിൽനിന്ന് ചെരുപ്പ് വേർപെടുത്തിയത്. ഇതിനിടെ കടുത്ത പ്രമേഹ രോഗിയായ സൂപ്പി ഹാജിയുടെ കാലിൽ മുറിവും പറ്റിയിട്ടുണ്ട്. കാൽപ്പാദത്തിലെ ചർമ്മം ഇളകിപ്പോയി. സംഭവത്തിൽ മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പള്ളിയിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രതികളെ കുറിച്ച് ഇതുവരെ പോലീസിന് സൂചന ഒന്നും ലഭിച്ചിട്ടില്ല. സമീപത്തെ വീടുകളിലെയും കടകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിസിച്ചും, മൊബൈൽ ടവർ കേന്ദ്രീകരിച്ചും പ്രതികളെ തൂക്കാനുള്ള പണിയിലാണ് പോലീസ്.