കുമ്പസാരകൂട്ടിൽ ചോർച്ച, ദുരുപയോഗം, അഞ്ച് സ്‌ത്രീകൾ സുപ്രീംകോടതിയിലേക്ക്.

ന്യൂഡൽഹി / കുമ്പസാരകൂട്ടിന്റെ ചോർച്ചയും ദുരുപയോഗവും വീണ്ടും വിവാദങ്ങളിലേക്ക്. നിര്‍ബന്ധിത കുമ്പസാരം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് മലയാളികളായ അഞ്ച് സ്‌ത്രീകൾ സുപ്രീംകോടതിയിലേക്ക്. നിർബന്ധിത കുമ്പസാരമെന്ന വ്യവസ്ഥ മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുകയാണെന്ന് വ്യക്തമാക്കി കൊണ്ട് എറണാകുളം സ്വദേശിനികളായ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശി ലാലി ഐസക്, കോട്ടയം സ്വദേശിനിയായ ബീന ജോണി, തൊടുപുഴ സ്വദേശിനി ആനീ മാത്യു എന്നിവരാണ് ഹർജിയുമായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി വഴി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

മതവിശ്വാസത്തിൽ നിർബന്ധിത കുമ്പസാരം ഒഴിച്ചുകൂടാനാകാത്തത് ആണോ എന്ന് പരിശോധിക്കണമെന്നാണ് ഹർജിക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത്. കുമ്പസാരം ഒരു വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണോ എന്ന് കോടതി പരിശോധിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ഹർജിക്കാരുടെ ആവശ്യങ്ങൾ ഒറ്റപ്പെട്ടതും വ്യക്തിപരവുമായിരിക്കാമെന്ന് വിലയിരുത്തിയ ചീഫ് ജസ്‌റ്റിസ് എസ്‌എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരുടെ ആവശ്യങ്ങൾ ഭേദഗതി ചെയ്‌ത് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. ഓർത്തോഡോക്‌സ് – യാക്കോബായ തർക്കമാണെന്ന് ഹർജിക്ക് പിന്നിൽ എന്നാണു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയിൽ പറഞ്ഞത്. വിഷയത്തിൽ ഇടപെട്ട കേരളാ ഹൈക്കോടതിയാണ് ഹർജി പരിഗണിക്കേണ്ടതെന്നും അറ്റോർണി ജനറൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങൾ സുപ്രീം കോടതിയുടെ 9 അംഗ ബഞ്ച് പരിഗണിക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള സ്‌ത്രീകൾ നൽകിയ റിട്ട് ഹർജിയും കോടതിക്ക് പരിഗണിക്കാവുന്നതാണെന്ന് റോഹ്‌ത്തഗി വ്യക്തമാക്കുകയായിരുന്നു. ഇക്കാര്യത്തിൽ സഭാ നേതൃത്വങ്ങൾ പ്രതികരിച്ചിട്ടില്ല. കുമ്പസാരവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ സഭയിലും വിശ്വാസ സമൂഹങ്ങളിലും ശക്തമായിരിക്കെയാണ് കേരളത്തിൽ നിന്നുള്ള ഹർജി കൂടി സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്.