കടയ്ക്കാവൂരിലെ പീഡന സംഭവം,യുവതിയുടെ പരാതി ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും.

തിരുവനന്തപുരം / കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയയായ യുവതിയെ ഭർത്താവ് കള്ളക്കേസിൽ കുടുക്കിയതാണെന്ന ആരോപണം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. ആരോപണ വിധേയയായ യുവതിയെ ഭർത്താവ് തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന പരാതിയാണ് ഐജി അന്വേഷിക്കുക.
തന്റെ അമ്മയ്‌ക്കെതിരെ ഉണ്ടായ പരാതി അടിസ്ഥാന വിരുദ്ധമാണെന്ന് യുവതിയുടെ ഇളയ മകൻ പറഞ്ഞതോടെയാണ് പീഡന സംഭവത്തിന് വഴിത്തിരിവാകുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതിയുടെ മാതാപിതാക്കൾ പരാതി നൽകും. വിവാഹബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചതിനെ അവർ ചോദ്യം ചെയ്തതിനുള്ള വാശിക്കാണ് ഭർത്താവ് യുവതിക്കെതിരെ പരാതി നൽകിയതെന്നും മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്.
പൊലീസ് നിലപാടിനെതിരെ ശിശുക്ഷേമസമിതി ചെയർപേഴ്സൺ അഡ്വ.എൻ സുനന്ദ രംഗത്ത് വന്നിരുന്നു. വിവരം നൽകിയ ആളുടെ സ്ഥാനത്ത് തന്റെ പേര് എഫ്ഐആറിൽ വന്നത് തെറ്റായിട്ടാണെന്നും പൊലീസിന്റെ ആവശ്യപ്രകാരം കൗൺസിലിംഗ് നൽകുക മാത്രമാണ് ചെയ്തതെന്നും ചെയർപേഴ്സൺ പറഞ്ഞിട്ടുണ്ട്. ശിശുക്ഷേമസമിതി ഒരു വിവരവും പൊലീസിന് നൽകിയിട്ടില്ലെന്നും പൊലീസ് സംഭവിച്ച പിഴവ് തിരുത്തണമെന്നും അഡ്വ.എൻ സുനന്ദ വ്യക്തമാക്കുകയുണ്ടായി. കേസിൽ പൊലീസ് പ്രാഥമിക അന്വേഷണമോ മൊഴികൾ എന്തെന്ന് അറിയാനോ ശ്രമിക്കാതെ തിടുക്കം കാട്ടിയതായി ആരോപിച്ചുകൊണ്ട് വനിതാ കമ്മീഷനും രംഗത്ത് വന്നിരുന്നു.