സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനമായി,സെക്കൻഡ് ഷോ നടത്താൻ അനുവദിക്കില്ല.

തിരുവനന്തപുരം/ ലോക്ക്‌ഡൗണിനെ തുടർന്ന് അടച്ചിട്ട കേരളത്തിലെ സിനിമാ തിയറ്ററുകൾ തുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘടന പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. അതേസമയം, സെക്കൻഡ് ഷോ നടത്താൻ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
ചലച്ചിത്ര മേഖലക്ക് വമ്പൻ ഇളവുകളാണ് സർക്കാർ പ്രഖ്യാപിച്ചത്. സിനിമാ തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകൾ അടഞ്ഞ് കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമാക്കി. 2020 മാർച്ച് 31നുള്ളിൽ അടക്കേണ്ട വസ്തു നികുതി ഗഡുക്കളായി അടക്കാം. തിയേറ്ററുമായി ബന്ധപ്പെട്ട ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. തദ്ദേശ സ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധിയാണ് സർക്കാർ നീട്ടി നൽകിയത്.
തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ഇളവുകള്‍ ലഭിക്കാതെ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
തിയറ്ററുകൾ എന്ന് തുറക്കാമെന്ന കാര്യം സംഘടന പ്രതിനിധികൾ കൊച്ചിയിൽ യോഗം ചേർന്ന് തീരുമാനം എടുക്കും. ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ, തിയറ്റർ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിയുമായി ചർച്ചയിൽ പങ്കെടുത്തത്.