ഡോളര്‍ക്കടത്തിയ കേസില്‍ സ്പീക്കറെ നിയമസഭാ സമ്മേളനത്തിനു ശേഷം കസ്റ്റംസ് ചോദ്യം ചെയ്യും.

കൊച്ചി / കേരളത്തിൽ നിന്ന് ഗൾഫിലേക്ക് ഡോളര്‍ക്കടത്തിയ കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സമ്മേളനത്തിനു ശേഷം കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ക്ക് കസ്റ്റംസ് ഉടന്‍ നോട്ടിസ് നല്‍കാനിരിക്കുകയാണ്. ചോദ്യം ചെയ്യലിന് തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നീക്കം.
വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമെൊഴിയുടെ അടിസ്ഥാനത്തിലാണ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കസ്റ്റംസ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ തടസമില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. നിയമസഭയോടുള്ള ആദരസൂചകമായി സഭ സമ്മേളിക്കുന്ന സമയത്ത് ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്നും നിര്‍ദേശമുണ്ടായിരുന്നു.
നേരത്തെ 28 വരെ നിയമ സഭ സമ്മേളനം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം 22ന് പിരിയാൻ കാര്യോപദേശക സമിതി യോഗത്തിൽ തീരുമാനമായിരിക്കുന്നതിനാൽ 22ന് ശേഷമുള്ള ദിവസം ഹാജരാകാൻ നിർദേശിച്ചായിരിക്കും കസ്റ്റംസ് നോട്ടീസ് നൽകുന്നത്. കസ്റ്റംസിന്‍റെ അന്വേഷണ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്‍റും ശേഖരിച്ചിട്ടുള്ളതിനാല്‍ സ്പീക്കറെ എൻഫോഴ്‌സ്‌മെന്റും ചോദ്യം ചെയ്യാനുള്ള സാധ്യതകൂടി ഉണ്ടായിരിക്കുകയാണ്.
സ്വപ്നയും സരിത്തും കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദും ചേര്‍ന്ന് ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ഡോളര്‍ കടത്തില്‍ സ്പീക്കര്‍ ശ്രീരാമകൃ്ഷണന്‍റെ പങ്കാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ എട്ടരമണിക്കൂര്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.