പൊലീസിലെ പരിഷ്‌കാരങ്ങൾ അറിയാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി, ഇനി ക്ഷമയില്ല.

തിരുവനന്തപുരം / പൊലീസ് സേനയിൽ കാലത്തിനനുസരിച്ചുള്ള പരിഷ്‌കാര നടപടികൾ അറിയാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്ന്സംസ്ഥാന പൊലീസ് മേധാവി. സേനയിലെ ചില വിഭാഗങ്ങളുടെയും തസ്തികകളുടെയും പേര് കാലത്തിനൊത്തു പരിഷ്ക്കരിച്ചെങ്കിലും സേനയിലെ പല ഉദ്യോഗസ്ഥരും അതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് ഇപ്പോഴും പെരുമാറുന്നത്. എഴുത്തുകുത്തുകളിൽ ഇപ്പോഴും പഴയ വാക്കുകളും പേരുകളുമാണ് അവർ ഉപയോഗുക്കുന്നത്. സേനയിലെ മാറ്റം ഉൾക്കൊള്ളാത്തവർക്കെതിരെ നടപടിയെടുക്കുമെന്നാണ് ഡി ജി പി യുടെ മുന്നറിയിപ്പ്.
കേരള പോലീസിലെ ശ്വാനസേനക്ക് കെ-9 സ്‌ക്വാഡെന്ന് പേരുമാറിയിട്ട് ഏറെക്കാലമായി. എന്നാൽ പുതിയ പേര് ഉദ്യോഗസ്ഥർ പോലും ഉപയോഗിക്കുന്നില്ല. കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്ന ഭീകര വിരുദ്ധ സേനയുടെ പുതിയ പേര് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നാണ്. എന്നാൽ പൊലീസ് ആസ്ഥാനത്ത് എത്തുന്ന പല കത്തുകളിലും മേൽവിലാസം ആന്റി ടെററിസ്റ്റ് സ്‌ക്വാഡെന്നാണ് വന്നുകൊണ്ടിരിക്കുന്നത്. ദ്രുതകർമ സേന റാപിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ് ആയതും പൊലീസിലെ പല ഉദ്യോഗസ്ഥരും ഇത് വരെ അറിഞ്ഞിട്ടേ ഇല്ല.
പഴയ തസ്തികകളുടെയോ വിഭാഗങ്ങളുടെയോ പേര് ഉപയോഗിച്ചെത്തുന്ന കത്തുകൾ അയച്ച ആൾക്കുതന്നെ തിരിച്ചയക്കാൻ ഡി ജി പി നിർദേശം നൽകിയിട്ടുണ്ട്. പഴയ പദങ്ങൾ തന്നെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ഇനിയും ഉപയോഗിച്ചാൽ ക്ഷമിക്കേണ്ട കാര്യമില്ലെന്നാണ് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിട്ടുള്ളത്.