വടക്കാഞ്ചേരി ലൈഫ് മിഷൻ,അടിയന്തിര പ്രമേയത്തിന് അനുവദിച്ചില്ല, പ്രതിപക്ഷം സഭ വിട്ടു.

തിരുവനന്തപുരം/ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തവും ഉദ്യോഗസ്ഥരുടെ ഇടപെടലുകളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അനിൽ അക്കര എം.എൽ.എ. യാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വടക്കാഞ്ചേരി ലൈഫ് മിഷനിലെ അഴിമതി കൃത്യമായി അന്വേഷിച്ചാൽ പല പ്രമുഖരും കുടുങ്ങുമെന്ന് പ്രതിപക്ഷം ആരോപിച്ചത്.
രാഷ്ട്രീയ നേത്യത്വത്തിന് പങ്കില്ലെന്ന ഹൈക്കോടതി വിധി നിർണായകമാണെന്ന മറുപടിയാണ് മന്ത്രി എ.സി മൊയ്തീന്‍ ഇക്കാര്യത്തിൽ നൽകിയത്. പദ്ധതിയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നായിരുന്നു മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞത്. കോടതി വിധിയിലെ രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ട പരാമർശമാണ് മന്ത്രി രക്ഷനേടാനുള്ള രാഷ്ട്രീയ ആയുധമാക്കിയത്.
കോടതി വിധി സർക്കാരിനെ കുറ്റവിമുക്തമാക്കിയതാണെങ്കിൽ എന്തു കൊണ്ട് വിധിയെ പൂർണമായി സ്വാഗതം ചെയ്യുന്നില്ലെന്നാണ്പ്ര തിപക്ഷം ചോദിച്ചത്. വടക്കാഞ്ചേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയം കാണിച്ച് മന്ത്രി എ സി മൊയ്തീൻ അഴിമതി ആരോപണം ജനം തള്ളിയതായി പറഞ്ഞപ്പോൾ, ഒരു തിരഞ്ഞെടുപ്പ് വിജയം കൊണ്ട് അഴിമതി ഒലിച്ചു പോകില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.