CovidEditor's ChoiceHealthKerala NewsLatest News

കോവിഡ് വാക്‌സിനേഷൻ അറിയേണ്ടത് എന്തൊക്കെ.

കൊച്ചി / കേരളത്തിൽ കോവിഡ് വാക്‌സിനേഷൻ ജനുവരി16 മുതൽ നടക്കാനിരിക്കെ പൊതുജനങ്ങൾക്കുള്ള ആശങ്കകളും സംശയങ്ങളും ദൂരീകരിച്ചു കൊണ്ട് ആരോഗ്യ വകുപ്പ്. കോവിഡ് രോഗമുക്തനായ വ്യക്തി വാക്സിന്‍ സ്വീകരിക്കുന്നതു സംബന്ധിച്ച്, അത്തരം വ്യക്തികള്‍ വാക്സിന്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് പറഞ്ഞിരിക്കുന്നത്. ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വാക്സിന്‍ സഹായിക്കും. കോവിഡ് സ്ഥിരീകരിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്ന വ്യക്തി വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയാല്‍ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ രോഗലക്ഷണങ്ങള്‍ മാറി 14 ദിവസം കഴിയുന്നത് വരെ വാക്സിന്‍ സ്വീകരിക്കുന്നത് മാറ്റി വെയ്ക്കാം എന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.

ഇന്ത്യയില്‍ നല്‍കുന്ന വാക്സിന്‍ മറ്റു രാജ്യങ്ങളിലേതുപോലെ തന്നെ ഫലപ്രദമാണ്. സുരക്ഷിതത്വവും ഫലപ്രാപ്തിയും വിവിധ ഘട്ടങ്ങളിലൂടെ ഉറപ്പാക്കിയിട്ടുള്ളതിനാല്‍ മറ്റു രാജ്യങ്ങളില്‍ നല്‍കുന്ന വാക്സിനുകളേപ്പോലെ സുരക്ഷിതമാണ് ഇന്ത്യയില്‍ നല്‍കുന്ന വാക്സിനും.
കോവിഡ് 19 വാക്സിനേഷന്‍ സ്വീകരിച്ച ശേഷം കുത്തിവെയ്പ്പ് കേന്ദ്രത്തില്‍ അര മണിക്കൂറെങ്കിലും വിശ്രമിക്കണം. അസ്വസ്ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. മാസ്‌ക് ധരിക്കുക, കൈകള്‍ ശുദ്ധിയാക്കി വെയ്ക്കുക, ശാരീരിക അകലം പാലിക്കുക.

സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് കോവിഡ് 19 വാക്സിന്‍ നല്‍കുക. മറ്റേതൊരു വാക്സിന്‍ സ്വീകരിച്ചാലും ഉണ്ടാകാന്‍ സാധ്യതയുള്ള ചെറിയ പനി, വേദന എന്നിവയുണ്ടായേക്കാം. വാക്സിന്‍ സ്വീകരിച്ചതു മൂലം മറ്റു പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. കാന്‍സര്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ക്ക് വാക്സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഇത്തരം രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് രോഗസാധ്യത കൂടുതലായതിനാല്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിക്കണം.

28 ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഓരോ ഡോസ് വീതം ആകെ രണ്ടു ഡോസ് വാക്സിനാണ് സ്വീകരിക്കേണ്ടത്. രണ്ടാമത്തെ ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ച കൊണ്ട് ശരീരത്തില്‍ ആന്റിബോഡികളുടെ രക്ഷാകവചം നിര്‍മ്മിക്കപ്പെടും.
/റിലീസ്/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button