റിമാന്‍ഡിലിരിക്കെ ഷഫീക്ക് മരിച്ചതെങ്ങനെ,പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനൊരുങ്ങി അധികൃതര്‍

പണം തട്ടിപ്പ് കേസില്‍ റിമാന്‍ഡിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീക്കിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഷെഫീക്കിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങള്‍ ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, പൊലീസ് ഇയാളെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഉദയംപേരൂര്‍ എസ്എച്ച്ഒ കെ.ബാലന്‍ പറഞ്ഞു.
എറണാകുളം ഉദയംപേരൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയില്‍ നിന്ന് പണം തട്ടിയ കേസില്‍ തിങ്കളാഴ്ച്ചയാണ് ഷെഫീക്ക് അറസ്റ്റിലായത്. ചൊവ്വാഴ്ച റിമാന്‍ഡിലായ ഇയാള്‍ക്ക് അപസ്മാരം മൂലം ആന്തരിക രക്തസ്രാവം ഉണ്ടായി എന്നാണ് അധികൃതരുടെ വാദം. കാക്കനാട് കൊവിഡ് സെന്ററില്‍ കഴിയവേ തലകറങ്ങി വീണ ഷെഫീക്കിനെ എറണാകുളത്തെ ആശുപത്രിയിലും, തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചു എന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരണം ഉണ്ടായത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.