പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും,കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്

ന്യൂഡൽഹി/ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. ഏപ്രിൽ എട്ട് വരെ നടക്കുന്ന സമ്മേളനത്തിൽ, ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്ഏ അവതരിപ്പിക്കുക. ഫെബ്രുവരി 15നും മാർച്ച് എട്ടിനും ഇടയിൽ 20 ദിവസത്തെ ഇടവേളയോടെയാണ് സമ്മേനം നടക്കുന്നത്.
തലസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്ന സാഹചര്യം ആണെങ്കിലും, ബജറ്റ് സമ്മേളനത്തിൽ കോവിഡ് സുരക്ഷാ ഏർപ്പാടുകളും മുൻകരുതലുകളും പഴയതുപോലെ തന്നെ തുടരും. കഴിഞ്ഞ സമ്മേളനത്തിലെന്നപോലെ ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്സഭയും രാജ്യസഭയും നടക്കുക. ഇത്തവണ സഭ അഞ്ചുമണിക്കൂർ സമ്മേളിക്കും. ചോദ്യോത്തരവേള ഉണ്ടാവും. മാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരും. സന്ദർശകരെ അനുവദിക്കില്ല.
കഴിഞ്ഞ സമ്മേളനകാലത്ത് നാലുമണിക്കൂർമാത്രമേ സഭകൾ സമ്മേളിച്ചിരുന്നുള്ളൂ. ചോദ്യോത്തരങ്ങൾ അനുവദിച്ചിരുന്നില്ല. രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുക. രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് അംഗങ്ങൾക്ക് സെൻട്രൽ ഹാളിനുപുറമേ ലോക്സഭ, രാജ്യസഭാ ചേംബറുകളിലും സൗകര്യമൊരുക്കും. കഴിഞ്ഞ വർഷം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലാണ് കോവിഡ് വ്യാപനം ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.