ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം, 3 മരണം.

ജക്കാർത്ത/ ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മൂന്നു പേർ മരിച്ചു. 24 പേർക്ക് പരിക്കുണ്ട്. സുലവേസി ദ്വീപിൽ റിക്ടർസ്കെയിൽ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.
മജെനെ നഗരത്തിന് ആറുകിലോമീറ്റർ വടക്കുകിഴക്കായി 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തെ തുടർന്ന് പരിഭ്രാന്തരായി ആയിരക്കണക്കിന് ജനങ്ങൾ രക്ഷക്കായി വീടുകളിൽ നിന്നിറങ്ങിയോടുകയായിരുന്നു. ഏഴ് സെക്കൻഡ് നേരത്തേക്ക് കടൽ പ്രക്ഷുബ്ദമായിരുന്നു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നില്ല. ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവർണറുടെ ഓഫീസിനും സാരമായ കേടുപാടുകൾ സംഭവിച്ചു. പലസ്ഥലത്തും വൈദ്യുതിബന്ധവും തകരാറിലായിരുന്നു.