Sports

ക്രിക്കറ്റ് കുടുംബത്തില്‍ അജ്മലെന്ന അസ്ഹറുദ്ദീന്റെ വളര്‍ച്ച, ഒറ്റ് ഇന്നിങ്‌സ് കൊണ്ട് താരമായ മലയാളി

മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന് കേട്ടാല്‍ ഇനി ഒറ്റ ഇന്നിംഗ്‌സ് കൊണ്ട് സ്റ്റാറായ കേരളത്തിന്റെ ക്രിക്കറ്റ് താരം കാസര്‍കോടുകാരനായ അസ്ഹറിന്റെ ചിത്രമായിരിക്കും തെളിയുക. ബുധനാഴ്ചത്തെ ഒറ്റ ഇന്നിംഗ്സുകൊണ്ടാണ് അസഹ്റുദ്ദീന്‍ രാജ്യമാകമാനമുള്ള ക്രിക്കറ്റ് ആരാധകരുടെ ഉള്ളിലേക്ക് അടിച്ചുകയറിയത്. കാസര്‍കോടുകാരനായ മുഹമ്മദ് അസ്ഹറുദ്ദീന്‍, ബി കെ മൊയ്തു- നഫീസ ദമ്പതികളുടെ എട്ടുമക്കളില്‍ ഏറ്റവും ഇളയവനാണ്. ക്രിക്കറ്റ് കുടുംബമാണ് അസ്ഹറിന്റേത്. എട്ടുപേരും ക്രിക്കറ്റ് കളിക്കും. പത്താം വയസിലാണ് അസ്ഹറുദ്ദീന്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. കളിമികവ് താരത്തെ സംസ്ഥാന ടീമിലെത്തിച്ചു. രജ്ഞി ട്രോഫിയിലെ മികച്ച സ്‌ട്രോക്ക് പ്ലെയറായും ഓപ്പണറായും വളരുന്നതാണ് പിന്നീട് കണ്ടത്.

അജ്മല്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. സാക്ഷാല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കടുത്ത ആരാധകനായ ചേട്ടനാണ് അജ്മലിനെ അസ്ഹറുദ്ദീനാക്കിയത്. 10ാം വയസ്സില്‍ തളങ്കര താസ് ക്ലബ്ബില്‍ ക്രിക്കറ്റ് കളി തുടങ്ങിയ അസ്ഹര്‍ 11ാം വയസ്സില്‍ അണ്ടര്‍ 13 ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ അസ്ഹര്‍ പിന്നീട് ജില്ലാ ടീം ക്യാപ്റ്റനായി. പിന്നാലെ അണ്ടര്‍ 15 ടീമില്‍. അവിടേയും ക്യാപ്റ്റന്‍ സ്ഥാനം. ഇതോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അസഹ്റിനെ നോട്ടമിട്ടു. അസോസിയേഷന്റെ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അസ്ഹര്‍ 9ാം ക്ലാസില്‍ കോട്ടയം മുത്തോലിയിലെ കെസിഎ അക്കാദമിയില്‍ പരിശീലനം നേടി.

2013ല്‍ അണ്ടര്‍ 19 കേരള ടീമിലെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണെങ്കിലും സഞ്ജു സാംസണുള്ളത് കൊണ്ട് ബാറ്റ്സാമാനായി ടീമില്‍ തുടര്‍ന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരായ ഒറ്റ പ്രകടനത്തോടെ ദേശീയ താരങ്ങളും മുന്‍ താരങ്ങളും അസഹ്റുദ്ദീനെ പ്രശംസിച്ച് രംഗത്തെത്തി. 54 പന്തില്‍ പുറത്താകാതെ 137 റണ്‍സെടുത്ത അസ്ഹറുദ്ദീന്‍ പായിച്ചത് 11 സിക്‌സറുകളും ഒമ്ബത് ഫോറും. 37 പന്തില്‍ മൂന്നക്കം തികച്ച അസ്ഹറുദ്ദീന്‍ നേടിയത് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറിയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്. 31 പന്തില്‍ സെഞ്ച്വറി തികച്ച ഇന്ത്യന്‍ താരം റിഷഭ് പന്ത് മാത്രമാണ് അസ്ഹറുദ്ദീന് മുന്നിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button