Kerala NewsLatest News

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളിലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ്-19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തിരുന്നു. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍ വാക്‌സിനേഷന്‍ തുടരാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കുന്നത്. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാല്‍ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളിലും 100 പേരെ വച്ച് 133 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്. തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്.

പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിക്കുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ പൂഴനാട്, മണമ്ബൂര്‍, വര്‍ക്കല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ചില കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ എണ്ണം കൂട്ടാനും ഉദ്ദേശിക്കുന്നുണ്ട്.

ഓരോ കേന്ദ്രത്തിലും രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്‌സര്‍വേഷനിലിരിക്കണം. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അവര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോവിഡ് മുന്നണി പോരാളികളായ വിവിധ സേനാംഗങ്ങള്‍, പോലീസുകാര്‍, കോവിഡുമായി സഹകരിച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button