കെഎസ്ആര്‍ടിസിയിൽ നൂറുകോടി കാണാനില്ലെന്നത് ശരി തന്നെ, ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

തിരുവനന്തപുരം / കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും, കെ എസ് ആർ ടി സിക്ക് വരുമാനമായി വന്ന നൂറുകോടി കാണാനില്ലെന്നത് ശരിയാണെന്നും ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 2010-13 കാലയളവില്‍ 100.75 കോടി രൂപ ചെലവാക്കിയതിന് ഒരു കണക്കുകളും ഇല്ലെന്നു മാത്രമല്ല, ബാങ്ക് ട്രഷറി വഴിയുള്ള വരവ് ചെലക്ക് കണക്കുകളുടെ രേഖകളും ഇക്കാര്യത്തിൽ സൂക്ഷിച്ചിട്ടില്ല.
യൂണിറ്റുകള്‍ക്ക് നല്‍കിയ തുകയില്‍ കണക്കില്ല. അക്കൗണ്ട് ഓഫിസര്‍ ഉള്‍പ്പെടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നതില്‍ പിഴവ് വരുത്തിയതെന്നും ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് മനഃപ്പൂര്‍വം ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണോയെന്ന സംശയം ഉണ്ടെന്നും, പറയുന്ന റിപ്പോര്‍ട്ടില്‍ നൂറു കോടി കാണാതായ സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പെന്‍ഷന്‍ ആന്റ് ഓഡിറ്റ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ എം ശ്രീകുമാറിനെ എറണാകുളം സെന്‍ട്രല്‍ സോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസറായി കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. കണക്കിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിൽ ശ്രീകുമാറിനോട് വിശദീകരണം തേടിയിരിക്കുന്നതിനു മറുപടി ലഭിച്ചാലുടൻ വിജിലന്‍സ് അന്വേഷണത്തിന് എംഡി ശുപാര്‍ശ ചെയ്യാനാണ് ഇരിക്കുന്നത്.