മന്ത്രിമാര്‍ കര്‍ട്ടനിട്ട് വിലസുമ്പോള്‍ പിഴയൊടുക്കി പൊതുജനങ്ങള്‍

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താനുള്ള സംസ്ഥാനത്തെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ വ്യാപക നടപടി തുടരുമ്പോഴും നിയമം ലംഘിച്ച് അധികൃതര്‍. സാധരണക്കാര്‍ക്ക് 1250 രൂപ പിഴ ചുമത്തുമ്പോള്‍ മന്ത്രിമാരും എംഎല്‍എമാരും ഉദ്യോഗസ്ഥരും നിയമ ലംഘനം തുടരുകയാണ്.
സെക്രട്ടറിയേറ്റിലേക്കും നിയമ സഭയിലേക്കും എത്തുന്ന മന്ത്രിമാരും എംഎല്‍എമാരുടെയും വാഹനങ്ങളില്‍ കര്‍ട്ടണുകള്‍ നീക്കിയിട്ടില്ല.ആദ്യ ഘട്ട നിയമ ലംഘനത്തിന് 1250 രൂപയാണ് പിഴ. പിഴ ചുമത്തിയ ശേഷവും കര്‍ട്ടനുകളും കൂളിംഗ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. കര്‍ട്ടനുകളിട്ട് എത്തിയ ചിലര്‍ സ്ഥലത്ത് വെച്ചുതന്നെ ഇവ നീക്കം ചെയ്തു.
ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനം പുറകില്‍ കര്‍ട്ടനുണ്ടായിട്ടും പരിശോധനയില്ലാതെ കടന്നുപോയി. പൈലറ്റ് അകമ്പടിയോടെ വേഗത്തില്‍ രണ്ടാം ട്രാക്കിലൂടെ കടന്നുപോയപ്പോള്‍ മന്ത്രിയുടെ വാഹനം പരിശോധിക്കാനായില്ലെന്നാണ് ആര്‍ടിഒയുടെ വിശദീകരണം. അതേസമയം കര്‍ട്ടനിട്ട് എത്തിയ തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ വാഹനത്തിന് പിഴ ചുമത്തി.