കെ സുധാകരൻ ഡൽഹിക്ക്, കെപിസിസി അധ്യക്ഷനായേക്കും.

തിരുവനന്തപുരം/ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനോട് ഉടന്‍ ഡല്‍ഹിയിലെത്താൻ ഹൈക്കമാന്‍ഡിന്റെ നിർദേശം. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തില്‍ പുതിയ പ്രസിഡന്റായി കെ സുധാകരനെ നിയമിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനു പിറകെയാണ് കെ സുധാകരനെ ഹൈക്കമാന്റ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച തന്നെ സുധാകരന്‍ ഡല്‍ഹിക്ക് തിരിക്കുമെന്നാണ് വിവരം.
ഞായറാഴ്ച സുധാകരന്റെ സഹോദരന്റെ മകളുടെ കല്യാണമാണ്. കല്യാണത്തിരക്കിനിടെയാണ് സുധാകരന്‍ ഡല്‍ഹിക്ക് പോകുന്നത്. നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറായിരുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിക്ക് പിറകെ മുല്ലപ്പള്ളി മാറണമെന്ന് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിറകെയാണ് നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യം മുല്ലപ്പള്ളി ഹൈക്കമാന്റിനോട് നിർദേശിക്കുന്നത്.
പുതിയ കെപിസിസി പ്രസിഡന്റിനെ നിയമയിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ ആ സ്ഥാനത്തിനായി എ, ഐ വിഭാഗങ്ങള്‍ ഇതിനിടെ അരയും തലയും മുറുക്കി രംഗത്തുവന്നിട്ടുണ്ട്. നിലവിലെ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരൻ താത്കാലിക അധ്യക്ഷനാകുന്നത്തിനുള്ള സാധ്യതകൾ തെളിയുന്നത്. കെ സുധാകരന് താത്കാലിക ചുമതല നല്‍കുന്നത് തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻറ്റ് വിലയിരുത്തുന്നത്.
പദവി ഏറ്റെടുക്കാൻ ഒരുക്കമാണെന്ന് നേരത്തെ കെ സുധാകരൻ പ്രതികരിച്ചിരുന്നെങ്കിലും, താത്കാലിക പദവി എന്നകാര്യത്തിൽ സുധാകരനും വിയോജിപ്പുണ്ട്. മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണിയും സുധാകരനെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, താത്കാലിക പദവി നല്‍കുന്നതു സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ കെ സുധാകരൻ നിഷേധിച്ചിരിക്കുകയാണ്.