അമേരിക്കയിൽ ഇനി ബൈഡൻ, കമല യുഗം, ജോ ബൈഡനും കമല ഹാരിസും അധികാരമേറ്റു.

വാഷിങ്ടൻ/ അമേരിക്കയുടെ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും (56)അധികാരമേറ്റു. ഇന്ത്യൻ സമയം രാത്രി 10.10ന് കമലഹാരിസും 10.20ന് ജോ ബൈഡനും സത്യപ്രതിജ്ഞ ചെയ്തു. യു.എസ് പാർലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. ‘അമേരിക്ക യുണൈറ്റഡ്’എന്നായിരുന്നു സ്ഥാനാരോഹണ പ്രമേയം. യുഎസിലെ ആദ്യത്തെ ഹിസ്പനിക് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടമേയറാണ് കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്സാണ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തിയില്ല.

രണ്ട് ടേമുകളിലായി എട്ടു വർഷം വൈസ് പ്രസിഡന്റും 36 വർഷം സെനറ്ററുമായ ബൈഡൻ അമേരിക്കയുടെ ഏറ്റവും പ്രായമേറിയ പ്രസിഡന്റാണ്. തമിഴ്നാട്ടിൽ കുടുംബ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ ഇന്ത്യക്ക്അ കൂടി അത്ഭി അപമാനിക്കാനായി. ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ബുഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ. വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്റാകുന്നത് ഇത് ആദ്യം.
വിടവാങ്ങൽ പ്രസംഗത്തിൽ പുതിയ ഭരണത്തിന് എല്ലാ ആശംസകളും ഡോണൾഡ് ട്രംപ് നേർന്നു. ബൈഡന്റെ പേര് പരാമർശിക്കാതെ നടത്തിയ പ്രസംഗത്തിൽ പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയാണെന്നും പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് പറയുകയുണ്ടായി. പുതിയ പ്രസിഡന്റിനെ കാണാൻ തയാറായില്ലെങ്കിലും ബൈഡനുള്ള കത്ത് വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ ഏൽപിച്ചാണ് ട്രംപ് പടിയിറങ്ങിയത്. പരമ്പരാഗതമായി ഇത്തരം കത്തുകൾ പഴയ പ്രസിഡന്റ് പുതിയ പ്രസിഡന്റിന് കൈമാറുന്ന പതിവ് ഉണ്ടായിരുന്നെങ്കിലും അത് ഉണ്ടായില്ല.