സര്‍ക്കാരിനെ വെറുതെ വിടാതെ ചെന്നിത്തല,സ്പ്രിങ്‌ളറില്‍ മുട്ടുകുത്തിക്കാന്‍ ഹൈക്കോടതിയില്‍

കൊച്ചി: ഭരണം അവസാനിക്കാനിരിക്കെ സര്‍ക്കാരിനെ വെറുതേ വിടാതെ രമേശ് ചെന്നിത്തല. സ്പ്രിംഗ്‌ളര്‍ കരാര്‍ വഴി വിവരങ്ങള്‍ ചോര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇടപാടിനെ കുറിച്ച് അന്വേഷിച്ച മാധവന്‍നായര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ ആയിരക്കണക്കിന് ആളുകളുടെ ആരോഗ്യവിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ സ്പ്രിന്‍ക്‌ളറിന് കൈമാറിയെന്ന് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ പറയുന്നു. ഈ വിവരങ്ങള്‍ സ്പ്രിന്‍ക്‌ളറിന്റെ സെര്‍വറില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് സമയബന്ധിതമായി നടപ്പാക്കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി.
ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെ വാദം.
സര്‍ക്കാരിന് പുറമേ മുഖ്യമന്ത്രിയില്‍ നിന്നും അന്ന് ഐടി സെക്രട്ടറി ആയിരുന്ന എം.ശിവശങ്കറില്‍ നിന്നും നഷ്ടപരിഹാര തുക ഈടാക്കണം. നഷ്ടപരിഹാര തുകയുടെ തോത് എത്രയെന്ന് കോടതി നിശ്ചയിക്കണം ചെന്നിത്തല അഭ്യര്‍ഥിച്ചു. മാധവന്‍നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ സ്പ്രിംഗളര്‍ വഴി ഉണ്ടായ വിവര ചോര്‍ച്ചയുടെ ആഴം മനസിലാക്കാന്‍ കഴിയുമെന്നും ചെന്നിത്തലയുടെ ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് അടിയന്തരമായി ഹൈക്കോടതിയ്ക്ക് കൈമാറാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.