പുരുഷന്മാർക്കും സ്തനാർബുദം,ലക്ഷണങ്ങൾ അറിയൂ.

സ്തനാർബുദം സാധാരണ സ്ത്രീകൾക്ക് മാത്രം വരുന്ന രോഗമാണെന്ന് കരുതുന്നവർക്ക് തെറ്റി. സാധാരണ സ്ത്രീകൾക്ക് വരുന്ന രോഗമായിട്ട് കരുതുന്ന സ്തനാർബുദം പുരുഷന്മാർക്കും അപൂർവമായി വരാറുണ്ട്. സ്ത്രീകളുമായി തട്ടിച്ചു നോക്കുമ്പോൾ സ്തന കോശങ്ങൾ പുരുഷന്മാരിൽ കുറവാണെന്നതിനാൽ ചെറിയ മുഴകൾ പുരുഷന്മാരിൽ വന്നാൽതന്നെ അവ അടുത്തുള്ള കോശങ്ങളിലേക്ക് പടർന്ന് അർബുദമായി മാറാനുള്ള സാധ്യത കൂടുതലാണെന്നാണ് ആധുനിക വൈദ്യ ശാസ്ത്രം പറയുന്നത്.
പുരുഷന്മാരിൽ സ്തനാർബുദം അപൂർവമാണെങ്കിലും പലപ്പോഴും അവ കണ്ടെത്തപ്പെടുന്നത് രോഗത്തിന്റെ മൂര്ധന്യാവസ്ഥയിലായിരിക്കും. ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയുന്നത് രോഗചികിത്സയെ സംബന്ധിച്ച് നിർണായകമാണ്. പുരുഷന്മാരിലെ സ്തനാർബുദത്തിന്റെ മുഖ്യ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.
സ്ത്രീകൾക്ക് വരുന്ന പോലെ തന്നെ സ്തനങ്ങളിൽ ചെറിയ മുഴ പ്രത്യക്ഷപ്പെടുന്നതാണ് പുരുഷന്മാരിലെ സ്തനാർബുദത്തിന്റെയും ആദ്യലക്ഷണം ആയി കണക്കാക്കുന്നത്. മുലക്കണ്ണിനുചുറ്റും ചുവപ്പുനിറവും ചർമം വരണ്ടിരിക്കുന്നതും സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്. ഷർട്ടിൽ കറ പോലെയുള്ള പാട് കാണപ്പെടുമ്പോൾ ആദ്യം അത് ചായയോ കാപ്പിയോ വീണതാണെന്ന് നാം കരുതും. പക്ഷേ ഈ കറ എപ്പോഴും നെഞ്ചിന്റെ ഒരേ ഇടത്തിലാണ് കാണപ്പെടുന്നതെങ്കിൽ അവ മുലക്കണ്ണിൽ നിന്നു പുറപ്പെടുന്ന ദ്രാവകം മൂലമായിരിക്കാം. ഇതും സ്തനാർബുദത്തിന്റെ ലക്ഷണം തന്നെയാണ്.
മുഴ വരുമ്പോൾ ലിഗമെന്റുകൾ സ്തനത്തിന് അകത്തേക്ക് വലിയുന്നതിനാൽ മുലക്കണ്ണ് അകത്തേക്ക് തള്ളി പോകുന്നതുപോലെ പ്രത്യക്ഷപ്പെടാൻ ഇടയുള്ളതും, ചിലരിൽ ചെതുമ്പൽ പോലെയുള്ള ചർമവും ഈ ഭാഗത്ത് ഉണ്ടാകുന്നതും രോഗ ലക്ഷണം തന്നെ.
മുഖക്കുരു പറിച്ചെടുക്കുമ്പോൾ കാണുന്നതുപോലെയുള്ള മുറിവ് മുലക്കണ്ണിൽ പ്രത്യക്ഷപ്പെടുന്നതും സ്തനാർബുദത്തിന്റെ ലക്ഷണമാണ്. കടുത്ത കരൾ രോഗം പുരുഷന്മാരിൽ സ്തനാർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. ലിവർ സിറോസിസ് പോലെയുള്ള അസുഖങ്ങൾ ഈസ്ട്രജൻ ഹോർമോണിന്റെ തോത് വർധിപ്പിക്കുന്നതാണ് ഇതിനു മുഖ്യ കാരണമായി കണ്ടെത്തിയിട്ടുള്ളത്. ചില ജനിതക കാരണങ്ങളും പുരുഷന്മാരിൽ സ്തനാർബുദത്തിനു കാരണമാകുന്നുണ്ട്.