സ്കൂളുകളിൽ ഒരു ബഞ്ചിൽ രണ്ട് കുട്ടികൾക്ക് ഇരിക്കാം.

തിരുവനന്തപുരം / സ്കൂളുകളുടെ പ്രവർത്തനത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി. പുതിയ സർക്കാർ ഉത്തരവ് പ്രകാരം ഒരു ബഞ്ചിൽ രണ്ട് കുട്ടികൾക്ക് ഇരിക്കാവുന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്താവുന്നതാണ്.നൂറിൽ താഴെ കുട്ടികൾ ഉള്ള സ്കൂളുകളിൽ എല്ലാ കുട്ടികൾക്കും ഒരേ സമയം സ്കൂളിൽ എത്താം.
100 ൽ കൂടുതൽ കുട്ടികൾ ഉള്ള സ്കൂളുകളിൽ ഒരേ സമയം പരമാവധി 50 ശതമാനം വിദ്യാർഥികൾ വരെ എന്ന രീതിയിൽ ക്രമീകരണം ഏർപ്പെടുത്താനാണ് നിർദേശിച്ചിട്ടുള്ളത്.കുട്ടികൾ വീടുകളിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷണവും വെള്ളവും സീറ്റുകളിൽ ഇരുന്നു തന്നെ കഴിക്കുന്നു എന്ന കാര്യത്തിൽ ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
10, 12 ക്ലാസുകളിലെ വിദ്യാർഥികൾ സ്കൂളിലേക്ക് കടന്നു വന്നതിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച മുതൽ നിർദേശങ്ങൾ നടപ്പിലാക്കണമെന്നാണ് ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്.