Kerala NewsLatest News

മരണത്തില്‍ അവരൊന്നിച്ചു, നാടിനെ നടുക്കിയ അപകടത്തിന് കാരണം ഡ്രൈവര്‍ കുഴഞ്ഞു വീണത്

പത്തനംതിട്ട : തിരുവല്ല പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചത് വിവാഹം നിശ്ചയിച്ച യുവാവും യുവതിയും. ചെങ്ങന്നൂര്‍ പിരളശ്ശേരി കാഞ്ഞിരംപറമ്ബില്‍ വീട്ടില്‍ പരേതനായ ചാക്കോ സാമുവേല്‍ -കുഞ്ഞമ്മ ദമ്ബതികളുടെ മകനും മുളക്കുഴ സെന്റ് ഗ്രീഗോറിയോസ് സ്‌കൂള്‍ ബസിലെ ഡ്രൈവറുമായ ജെയിംസ് ചാക്കോയും (32), വെണ്‍മണി കല്യാത്ര പുലക്കടവ് ആന്‍സി ഭവനില്‍ സണ്ണി – ലിലാമ്മ ദമ്പതികളുടെ മകള്‍ ആന്‍സി (26) യും ആണ് മരിച്ചത്.

ബസ് അപകടത്തിന് ഇടയാക്കിയ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണതാണ് അപകടത്തിന് കാരണമായതെന്ന് തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. ബസിന്റെ മുന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന നഴ്സ് ഡ്രൈവറുടെ അവശത ശ്രദ്ധിച്ചിരുന്നു. നിയന്ത്രണം തെറ്റിയപ്പോള്‍ വിളിച്ചുപറയാന്‍ ശ്രമിച്ചിരുന്നുവെന്നും ഡിവൈഎസ്പി ടി രാജപ്പന്‍ പറഞ്ഞു.

നിയന്ത്രണം തെറ്റിയിട്ടും ബ്രേക്ക് ചവിട്ടാന്‍ സാധിക്കാതിരുന്നതും കുഴഞ്ഞു വീണത് മൂലമാണെന്ന് പൊലീസ് പറയുന്നു.വണ്ടി പാളുന്നതുപോലെ തോന്നി. എന്താണ് സംഭവിക്കുന്നത് അറിയും മുമ്പ്് ഇടതുവശത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. കനത്ത ശബ്ദവും നിലവിളിയുമായിരുന്നു. അപകടത്തില്‍പ്പെട്ട ബസിന്റെ മുന്‍നിരയിലിരുന്നിരുന്ന യാത്രക്കാരിയും കോളജ് വിദ്യാര്‍ത്ഥിനിയുമായ ദേവിക പറഞ്ഞു. ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ മൂന്നാം വര്‍ഷ ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥിനിയായ ദേവിക, ചങ്ങനാശേരി സ്റ്റാന്‍ഡില്‍ നിന്നും നാലു മണിയോടെയാണ് ബസ്സില്‍ കയറിയത്. ബസ് അപകടമുണ്ടായ ഇടിഞ്ഞില്ലം വളവ് സ്ഥിരം അപകടക്കെണിയെന്ന് നാട്ടുകാര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പ് നിയന്ത്രണം തെറ്റിയ വാനിടിച്ച് നാലുപേര്‍ ഇതേസ്ഥലത്ത് മരിച്ചിരുന്നു.

ഇന്നലെ വൈകീട്ടുണ്ടായ അപകടത്തില്‍ ചെങ്ങന്നൂര്‍ പിരളശ്ശേരി സ്വദേശി ജെയിംസ് ചാക്കോയും (32), ആന്‍സി (26) യും ആണ് മരിച്ചത്. കംപ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിച്ച് തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം. ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം. റോഡിന്റെ വശംചേര്‍ന്നു പോകുകയായിരുന്ന സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം കണ്ണടക്കടയില്‍ ഇടിച്ചാണ് ബസ് നിന്നത്.ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കടയില്‍ ഈ സമയം രണ്ടു ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും പരുക്കില്ല.

https://www.facebook.com/Nithishrp/videos/10223793648577245/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button