കാമുകിയെ കാണാനെത്തിയപ്പോള്‍ പിടികൂടി,നാണക്കേട് ഭയന്ന് കാമുകന്‍ നാടുവിട്ടത് പാകിസ്ഥാനിലേക്ക്

ജയ്പുര്‍: കാമുകിയെ കാണാന്‍ ഏത് കാമുകനും പകലെന്നോ രാത്രിയെന്നോ പോകും. എന്നാല്‍ കെണിയിലായാലോ?….കാമുകിയെ കാണാനെത്തിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി, നാണക്കേടു ഭയന്നു ഒളിച്ചോടിയ യുവാവ് പാകിസ്ഥാന്‍ അതിര്‍ത്തി സേനയുടെ പിടിയില്‍. പാക്ക് റേഞ്ചര്‍മാരുടെ പിടിയിലായ യുവാവിനെ വിട്ടുകിട്ടാനായുള്ള ശ്രമത്തിലാണ് വീട്ടുകാരും രാജസ്ഥാന്‍ പൊലീസും ബിഎസ്എഫും.
പാക്കിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന കിടക്കുന്ന രാജസ്ഥാനിലെ ബാഡ്‌മേര്‍ ജില്ലയിലാണു സംഭവം. നവംബര്‍ നാലിനു 19കാരനായ ഗെമറ റാം മേഘ്‌വാല്‍ എന്ന യുവാവ് രാത്രി കാമുകിയെ കാണാന്‍ അവരുടെ വീട്ടിലെത്തുകയും തുടര്‍ന്ന്, ഗെമറയെ കാമുകിയുടെ മാതാപിതാക്കള്‍ പിടികൂടുകയുമായിരുന്നു. സംഭവം വീട്ടില്‍ അറിയിക്കുമെന്നു പറഞ്ഞതോടെ നാണക്കേടു ഭയന്നു മേഘ്‌വാല്‍ നാടുവിടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് അതിര്‍ത്തിക്കപ്പുറം പാക്കിസ്ഥാന്‍ ഗ്രാമത്തിലുള്ള ബന്ധു വീട്ടിലേക്കു പോയതാകാം എന്നു വീട്ടുകാര്‍ പറയുന്നത്. ബിഎസ്എഫ് കേസ് ഏറ്റെടുക്കുകയും പാക്ക് അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. ജനുവരി നാലിനാണു മേഘ്‌വാല്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി സേനയുടെ പിടിയിലുണ്ടെന്ന സ്ഥിരീകരണം വരുന്നത്.