പ്രകാശ് കരാട്ട് ബിജെപിയിലേക്ക്, സൈബർ പടയിറങ്ങി,ചന്ദ്രിക തടിയൂരി ഓടി.

കോഴിക്കോട് / സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കരാട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക റിപ്പോർട്ട് ചെയ്തു. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ ആണ് വസ്തുതയുടെ യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത റിപ്പോർട്ട് ചെയ്യുന്നത്. സിപിഎം വേദികളില്‍ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വര്‍ഷങ്ങള്‍, ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട് എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ള വാർത്ത വന്നതോടെ ഇതിനെതിരെ സി പി എമ്മിന്റെ സൈബർ പട രംഗത്തിറങ്ങി.
വര്‍ഷങ്ങളായി പ്രകാശ് കാരാട്ട് സിപിഎം വേദികളില്‍ നിന്ന് അപ്രത്യക്ഷനാണ് എന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.”സീതാറം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായതിന് ശേഷം നിശ്ബ്ദനായി തുടങ്ങിയ പ്രകാശ് കാരാട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പൂര്‍ണമായും പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. പ്രകാശ് കാരാട്ടിനെ പിന്തുണച്ചിരുന്ന പാര്‍ട്ടി കേരള ഘടകവും അദ്ദേഹത്തെ കൈയൊഴിഞ്ഞതോടെയാണ് കാരാട്ട് പൂര്‍ണമായും പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടത്” എന്നും വാർത്തയിൽ ഉണ്ടായിരുന്നു.

വാര്‍ത്ത ഓൺലൈനിൽ വന്നതിനു പിറകെ സിപിഎം സൈബര്‍പട ചന്ദ്രികയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തുകയായിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുടുംബവും ബിജെപിയില്‍ ചേരുമെന്ന് സൂചന എന്ന തരത്തില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും തുടങ്ങുകയുണ്ടായി. വര്‍ഷങ്ങളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നില്ലെന്ന് ചന്ദ്രിക പറയുന്ന പ്രകാശ് കാരാട്ട് ഡിസംബര്‍ 30ന് എസ്എഫ്‌ഐ പരിപാടി ഉദ്ഘാടനം ചെയ്ത കാര്യം അടക്കം ചൂണ്ടിക്കാട്ടി കൊണ്ടാണ് സിപിഎം സൈബര്‍പട അടിസ്ഥാനമില്ലാത്ത വാർത്തക്ക് മറുപടി നല്‍കിയത്. അധികം വൈകിയില്ല ചന്ദ്രിക വാര്‍ത്ത പിന്‍വലിച്ചു തടിയൂരുകയായിരുന്നു. വാർത്ത പ്രസിദ്ധീകരിച്ചതിന് ചന്ദ്രിക ക്ഷമാപണവും നടത്തി.