ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് രണ്ടു മന്ത്രിമാരെയും എം പി മാരെയും കേന്ദ്രം വെട്ടി.

ആലപ്പുഴ/ ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിലെ സംസ്ഥാന സർക്കാർ പട്ടികയിൽ നിന്ന് രണ്ട് മന്ത്രിമാരെയും, എംപിമാരെയും കേന്ദ്ര സർക്കാർ വെട്ടി മാറ്റി. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റിലേക്ക് രണ്ട് കേന്ദ്ര സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തി കേന്ദ്രം മാറ്റങ്ങൾ വരുത്തി.മന്ത്രിമാരായ തോമസ് ഐസക്, പി. തിലോത്തമൻ, എംപിമാരായ എ.എം. ആരിഫ്, കെ.സി. വേണുഗോപാൽ എന്നിവരെയാണ് ചടങ്ങിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ചടങ്ങുമായി ബന്ധപെട്ടു കേന്ദ്രം കേരളത്തിനയച്ച ഫൈനൽ ലിസ്റ്റിൽ ഈ മന്ത്രിമാരും, എം പി മാരും ഇല്ല.
ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നേരിട്ടു ചടങ്ങിൽ പങ്കെടുക്കില്ല. വി. മുരളീധരനെയും ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിംഗിനെയുമാണ് കേന്ദ്ര മന്ത്രാലയം ചടങ്ങിലേക്ക് ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി.സുധാകരൻ, നഗരസഭാധ്യക്ഷ സൗമ്യ രാജ്, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത സെക്രട്ടറി, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവർ മാത്രമാണ് കേന്ദ്രം അംഗീകരിച്ച പരിപാടിയിലുള്ളത്.
ഗഡ്കരിയും മുഖ്യമന്ത്രിയും ചേർന്നു ബൈപ്പാസ് നാടിനു സമർപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി ചടങ്ങിൽ നേരിട്ടെത്തിയാണോ വിഡിയോ കോൺഫറൻസ് വഴിയാണോ ഉദ്ഘാടനം ചെയ്യുക എന്ന കാര്യത്തിനും ഇതുവരെ തീരുമാനമായിട്ടില്ല. കേന്ദ്രം ഒഴിവാക്കിയ പേരുകൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന് മന്ത്രി ജി.സുധാകരന്റെ ഓഫീസിയിൽ നിന്ന് തിരിച്ചയച്ചിട്ടുണ്ട്. ജില്ലയിലെ മൂന്ന് മന്ത്രിമാരെയും എംപിമാരായ എ.എം.ആരിഫിനെയും കെ.സി.വേണുഗോപാലിനെയും ഉൾപ്പെടുത്തിയാണു സംസ്ഥാന സർക്കാർ പരിപാടി തയാറാക്കി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് അയച്ചിരുന്നതെന്നും ഇക്കാര്യത്തിൽ സുധാകരൻ പറയുന്നു.