സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് വിട്ടു, പിണറായി തൊടുത്തത് പാശുപതാസ്ത്രം.

തിരുവനന്തപുരം / നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി യപ്പോൾ സോളാര്‍ പീഡനക്കേസ് പിണറായി സർക്കാർ സി.ബി.ഐക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ മഹാഭാരത കഥയിലെ പാശുപതാസ്ത്ര പ്രയോഗമാണ് തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് യു ഡി എഫിനെതിരെ പ്രയോഗിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ ത്രിലോകങ്ങളിലെ സർവ്വ ചരാചരങ്ങളും പാശുപതമേറ്റാൽ ഭസ്മമായിപ്പോകും എന്ന ഉപദേശം കൂടി പരമശിവൻ പാശുപതാസ്ത്രം നൽകുമ്പോൾ അർജുനനോട് പറയുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാല്‍, അടൂര്‍പ്രകാശ്, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി എന്നിവർ പ്രതികളായ ആറ് കേസുകളാണ് സർക്കാർ സി ബി ഐ ക്ക് വിട്ടിരിക്കുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി നേരത്തെ നൽകിയിരുന്ന പരാതിയിൽ നടപടി വൈകുന്നതുമായി ബന്ധപെട്ടു അവർ മുഖ്യമന്ത്രി പിണറായി വിജയനെ ഈയിടെ സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാര്‍ ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കും എന്നത് ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പിനിടെ സി ബി ഐ അന്വേഷണം ആരംഭിക്കുകയാണ് അന്വേഷണം ഇപ്പോൾ വിട്ടത് കൊണ്ട് എൽ ഡി എഫ് സർക്കാർ ലക്ഷ്യമിടുന്നത്.
നടക്കാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാൻ കസേരയിലെത്തിയിരിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പൂട്ടുക എന്നത് തന്നെയാണ് എൽ ഡി എഫ് സോളാർ ആയുധമാക്കുന്നതിന്റെ പിന്നിലുള്ളത്. ഒപ്പം കോൺഗ്രസിന്റെ ഒരു വൻ പടയെ ഒറ്റയടിക്ക് പാശുപതാസ്ത്ര പ്രയോഗത്തിലൂടെ ശക്തി രഹിതരാക്കുവാനും കഴിയും. സോളാർ കേസിലെ ഇര തട്ടിയിട്ടുകൊടുത്ത പന്ത് കേരള രാഷ്ട്രീയത്തിലെ ശക്തനായ ഫോർവേഡ് കളിക്കാരനായ പിണറായി വിജയൻ സിംഗിൾ ഷൂട്ടിലൂടെ ഗോൾ മുഖത്തേക്ക് അനായാസം തട്ടിയിടുക മാത്രമാണ് ചെയ്തിരിക്കുന്നത്.