ആന കുടഞ്ഞെറിഞ്ഞു, ഷഹാനയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന കുടഞ്ഞെറിഞ്ഞതാകാം കാരണമെന്നാണ് മെഡിക്കല്‍ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റമോര്‍ട്ടം നടന്നത്. വയനാട് മേപ്പാടിയില്‍ പ്രകൃതി പഠന ക്യാമ്ബിനിടെ എളമ്ബലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തിലാണ് യുവതിക്ക് ദാരുണ അന്ത്യം സംഭവിച്ചത്.
കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താറാണ് (26) മരിച്ചത്. മൂന്ന് വര്‍ഷമായി ദാറുന്നുജും കോളജില്‍ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണിത്. അടുത്ത കാലത്താണ് വിനോദ സഞ്ചാരത്തിന് കൂടുതല്‍ പേര്‍ ഈ പ്രദേശത്തേക്ക് എത്താന്‍ തുടങ്ങിയത്. വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. സമീപ പ്രദേശമായ ചുളിക്കയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അനുമതിയില്ലാത്ത ടെന്‍റ് റിസോര്‍ട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വയനാട് കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു. റിസോര്‍ട്ടുകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മോപ്പാടിയില്‍ വിനോദ സഞ്ചാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തും.
സംഭവത്തില്‍ തഹസില്‍ദാരോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അനുമതിയില്ലാതെ വിനോദ സഞ്ചാരികളെ താമസിപ്പിച്ചാല്‍ റിസോര്‍ട്ട് ഉടമക്കെതിരെ നടപടിയെടുക്കുമെന്നും അദീല അബ്ദുല്ല വ്യക്തമാക്കി.യുവതി കൊല്ലപ്പെട്ട റിസോര്‍ട്ട് കലക്ടര്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. കലക്ടര്‍ക്കൊപ്പം കല്‍പ്പറ്റ ഡി.എഫ്.ഒ, വൈത്തിരി തഹസില്‍ദാര്‍ എന്നിവരും ഉണ്ടായിരുന്നു.
റിസോര്‍ട്ടില്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. വനാതിര്‍ത്തിയില്‍ നിന്ന് 10 മീറ്റര്‍ അകലം പോലും റിസോര്‍ട്ടിലേക്കില്ല. വന്യമൃഗങ്ങള്‍ സ്ഥിരമായി ഇറങ്ങുന്ന പ്രദേശത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് വരെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലെന്ന് സംശയിക്കുന്നതായും പ്രദേശത്ത് വിശദപരിശോധന നടത്തേണ്ടതുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.