മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിക്കിടെ കെ പി സി സി അംഗത്തെ അറസ്റ്റ് ചെയ്ത് തൂക്കിയെടുത്ത് വെളിയിലാക്കി.

ഇടുക്കി/ മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിക്കിടെ ഇടുക്കിയിൽ പരാതി പറയാൻ എത്തിയ കെ പി സി സി അംഗത്തെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെ പി സി സി അംഗം സി പി മാത്യുവിനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും തൂക്കിയെടുത്ത് പരിപാടി നടക്കുന്ന വേദിക്ക് പുറത്താക്കുകയുമായിരുന്നു.
അനുമതിയില്ലാതെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിനാണ് മാത്യുവിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ഇടുക്കി തൊടുപുഴയിൽ നടന്ന പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തൊടുപുഴയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു പരിപാടി നടന്നത്. ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമായിരുന്നു പരിപാടിയിൽ പ്രവേശനം. ഇതിനിടെയാണ് കെ പി സി സി അംഗം റിസോർട്ടിൽ പരാതിയുമായി എത്തുന്നത്. കോൺഗ്രസ് നേതാവിന്റെ രംഗപ്രവേശം ചില സി പി എം നേതാക്കൾക്ക് പിടിച്ചില്ല.
മാത്യു മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചതിന് പിന്നാലെ പൊലീസ് എത്തി അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. പട്ടയ പ്രശ്നങ്ങൾ ഉൾപ്പടെ ഇടുക്കിയിലെ ജനങ്ങളുടെ പരാതികൾ അറിയിക്കാനാണ് മുഖ്യമന്ത്രിയെ കാണാൻ എത്തിയതെന്ന് മാത്യു മാധ്യമങ്ങളോട് പറയുകയുണ്ടായി. സരിതയുടെ സാരിത്തുമ്പിലാണ് ഇടതു സർക്കാരെന്നും സി.പി.മാത്യു കുറ്റപ്പെടുത്തി. ക്ഷണിക്കപ്പെട്ടവർക്ക് വേണ്ടി മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി വരുന്നതെന്ന് താൻ അറിഞ്ഞില്ല എന്നും, അറിഞ്ഞിരുന്നുവെങ്കിൽ വരില്ലായിരുന്നുവെന്നും മാത്യു പറഞ്ഞു.