രാമസേതു എങ്ങനെ ഉണ്ടായി, ഗവേഷണത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 48 കി.മീ നീളമുള്ള മണല്പ്പാതയായ രാമസേതുവിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേഷണത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍.’രാമസേതു’വിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക അന്തര്‍ജല ഗവേഷക ദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി.ഈ ദൗത്യത്തിന് ഇന്ത്യന്‍ പുരാവസ്തു സര്‍വേ വിഭാഗത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓണ്‍ ആര്‍ക്കിയോളജി അനുമതി നല്കി.
തമിഴ്നാട്ടിലെ ധനുഷ്കോടിയില്‍ (രാമേശ്വരം) നിന്ന് ശ്രീലങ്കയിലെ ജാഫ്ന ജില്ലയിലേക്ക് കടലിനു കുറുകെ പണിത ‘രാമസേതു’ എന്ന മണ്‍പാലം മനുഷ്യനിര്‍മിതമോ അതോ പ്രകൃതിദത്തമോ എന്ന ചോദ്യത്തിന് ഏറെ പഴക്കമുണ്ട്. ഇതിന്റെ ഉത്ഭവത്തിന്റെ വസ്തുതതകള്‍ തേടിയാണ് കൗണ്‍സില്‍ ഫോര്‍ സയന്റിസ്റ്റ് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി എന്നിവയുടെ നേതൃത്വത്തില്‍ ഗവേഷണം നടക്കുക. രാമസേതുവിന്റെ രൂപാന്തരം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഗവേഷണത്തിലൂടെ രാമായണം എഴുതപ്പെട്ട കാലഘട്ടത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് നിഗമനം .
2021 ല്‍ തന്നെ ഗവേഷണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുരവസ്തു രേഖകള്‍, തെര്‍മോലൂമിനിസെന്‍സ്, റേഡിയോമെട്രിക്, ജിയളജിക്കല്‍ ടൈം സ്കെയില്‍, പരിസ്ഥിതിവിവരങ്ങള്‍ തുടങ്ങിയവയുടെ പിന്തുണയോടെയാണ് ഗവേഷണം നടക്കുക. രാം സേതുവിന് ചുറ്റും വെള്ളത്തില്‍ മുങ്ങിപ്പോയ ഏതെങ്കിലും വാസസ്ഥലങ്ങള്‍ ഉണ്ടോ എന്നും പഠനത്തിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ .