എറണാകുളത്ത് എം.ഡി.എം.എ മയക്കുമരുന്ന് വിപണനം തകൃതി.

നെടുമ്പാശേരി / എറണാകുളം ജില്ലയിൽ മയക്ക് മരുന്ന് വിൽപ്പന അനുദിനം വർധിക്കുകയാണ്. ആലുവ – നെടുമ്പാശേരി മേഖലയിൽ മയക്കുമരുന്ന് വിതരണം ചെയ്തുവന്നരണ്ട് പേരെ കൂടി എക്സൈസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ് (22), സുധീഷ് (23) എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
5 ലക്ഷം രൂപവരുന്ന 14 ഗ്രാം എം.ഡി.എം എ എന്ന മയക്കുമരുന്ന് ആണ് ഇവരിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത്. കർണാടകയിൽ നിന്നും വൻതോതിൽ എം.ഡി.എം.എ വാങ്ങുകയും, മലപ്പുറം ജില്ലയിലെ നിലമ്പൂർ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയും ചെയ്യുന്ന ആളിൽ നിന്നാണ് ഇരുവരും എം.ഡി.എം.എ വാങ്ങി ആലുവ – നെടുമ്പാശേരി മേഖലയിൽ വിപണനത്തിനെത്തിച്ചു വന്നിരുന്നതെന്ന് എക്സൈസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ ഇവർ മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിക്കുകയുണ്ടായി. മെട്രോ ട്രെയിനിൽ ഇവർ മയക്കുമരുന്നുമായി എത്തുമെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് വിഭാഗം ഇവരെ പിടികൂടുന്നത്. പ്രിവൻറീവ് ഓഫീസർമാരായ സി.ബി രഞ്ജു , കെ.എച്ച്. അനിൽകുമാർ, പി.കെ.ഗോപി, സിവിൽ ഓഫീസർമാരായ ബസന്ത് കുമാർ, അരുൺ കുമാർ, സജോ വർഗീസ്, അഖിൽ, പ്രദീപ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
കൊച്ചി- മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എസ്.ബി .മുരളിധരന്റെ നേതൃത്വത്തിൽ തോപ്പുംപടി, കരുവേലിപ്പടി, ചുള്ളിക്കൽ,ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 2.603 mg എം.ഡി.എം.എ എന്ന മയക്കുമരുന്നും, കഞ്ചാവും ,ബൈക്കും സഹിതം രണ്ടു യുവാക്കൾ എക്സൈസ് രണ്ടു ദിവസം മുൻപ് എക്സൈസിന്റെ പിടിയിലായിരുന്നു.