CovidEditor's ChoiceHealthKerala NewsLatest NewsNews

ദിവസവും ഒരു ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനതപുരം/ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനൊപ്പം കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കാൻ ബുധനാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും.

പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക്കും നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരാണ് ഇപ്പോള്‍ നിരീക്ഷണ ചുമതല നിര്‍വഹിക്കുന്നത്. അത് തുടരും. അവരോടൊപ്പം പോലീസ് കൂടി രംഗത്തുണ്ടാകണമെന്നാണ് തീരുമാനം. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചു.

കണ്ടെയിന്റ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.
വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല.
കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും ടെസ്റ്റ് ചെയ്യണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാര്‍ഡുതല സമിതികള്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കണം. ബോധവല്‍ക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും തടസ്സമുണ്ടാകില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നത്, 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണ്. രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. 20 ശതമാനം പേര്‍ക്ക് രോഗം പകരുന്നത് മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, റസ്റ്റോറണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും യോഗസ്ഥലങ്ങളില്‍ നിന്നുമാണ്. തൊഴിലിടങ്ങളില്‍ നിന്ന് രോഗം പടരുന്നത് 20 ശതമാനത്തോളം പേര്‍ക്കാണ്. രോഗബാധിതരാകുന്ന 65 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്‌ക്ക് ധരിക്കാത്തവര്‍.രോഗലക്ഷണമൊന്നുമില്ലാത്തവരില്‍ നിന്ന് 30 ശതമാനത്തോളം പേര്‍ക്ക് രോഗം പകരുന്നുണ്ട്. കുട്ടികളില്‍ 5 ശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നു. എന്നാല്‍ 47 ശതമാനം കുട്ടികള്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നു തന്നെയാണ്.

press release

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button