ഐഷാ പോറ്റിയെ മാറ്റിനിര്‍ത്തി കൊല്ലത്ത് നടന്‍ മുകേഷ് തന്നെ, സിപിഎമ്മില്‍ ധാരണ

കൊല്ലം: കൊല്ലം ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കൊല്ലത്ത് എം. മുകേഷ്, ഇരവിപുരത് എം. നൗഷാദ്, കുണ്ടറയില്‍ ജെ. മെഴ്സികുട്ടിയമ്മ എന്നിവര്‍ വീണ്ടും മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കൊട്ടാരക്കരയില്‍ ആര്‍.ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചു കൊട്ടാരക്കര പിടിച്ചെടുത്ത് ഹാട്രിക് വിജയം നേടിയ പി. ഐഷാപോറ്റി ഇത്തവണ മാറിനില്‍ക്കും. ബാലഗോപാലിനെ സുരക്ഷിത മണ്ഡലത്തില്‍ മത്സരിപ്പിച്ചു നിയമസഭയില്‍ എത്തിക്കണമെന്ന നിലപാടാണ് പാര്‍ട്ടിക്ക്.
കൊല്ലത്ത് എം. മുകേഷിന് പകരം ബാലഗോപാലിനെ പരിഗണിച്ചേക്കും എന്ന് മുന്‍പ് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ചര്‍ച്ചകള്‍ ആ വഴി പോയില്ല.കൊല്ലത്തേക്കാള്‍ സുരക്ഷിതമാണ് നിലവില്‍ കൊട്ടാരക്കര എന്ന കണക്കുകൂട്ടലിലാണ് ബാലഗോപാലിനെ അവിടേക്ക് പരിഗണിക്കുന്നത്. എന്‍.എസ്. എസ് പിന്തുണയും ബാലഗോപാലിന് ഇവിടെ ലഭിക്കുമെന്ന് പാര്‍ട്ടി ഉറപ്പിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ എന്‍.എസ്.എസ്, കേരള കോണ്‍ഗ്രസ് പിന്തുണകളും ഇവിടെ പ്രധാനമാണ്. മുന്‍പ് അടൂരില്‍ നിന്നു നിയമസഭയിലേക്കും കൊല്ലത്ത് നിന്നു പാര്‍ലമെന്റിലേക്കും മത്സരിച്ച ബാലഗോപാല്‍ രണ്ട് തവണയും പരാജയപ്പെട്ടിരുന്നു.
പാര്‍ലമെന്റിലേക്ക് മത്സരിക്കും മുന്‍പ് രാജ്യസഭ എം. പി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ദേശീയ പ്രസിഡന്റ് ആയിരുന്ന ബാലഗോപാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കൊല്ലത്ത് ബാലഗോപാലിനേക്കാള്‍ പാര്‍ട്ടിയില്‍ സീനിയര്‍ ആയ നേതാക്കളെ മാറ്റി നിര്‍ത്തിയാണ് രണ്ട് സമ്മേളന കാലങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ കൊല്ലം ജില്ലാ സെക്രട്ടറി ആക്കിയത്. രണ്ടാമതും ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുത്തു അധികം വൈകാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തിരഞ്ഞെടുത്തു.
നിലവില്‍ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കൂടിയാണ് അദ്ദേഹം. കൊല്ലത്ത് എന്‍. കെ പ്രേമചന്ദ്രനോട് ബാലഗോപാല്‍ പരാജയപ്പെടില്ല എന്നായിരുന്നു പാര്‍ട്ടിയുടെ വിശ്വാസം. എന്നാല്‍ യുഡിഎഫ് തരംഗത്തില്‍ വീണ് പോയ ബാലഗോപാലിനെ പാര്‍ലമെന്ററി രംഗത്ത് തിരികെ എത്തിക്കണമെന്ന നിലപാടാണ് പാര്‍ട്ടിക്ക്. മുന്നണി ഭരണ തുടര്‍ച്ച നേടുകയും ബാലഗോപാല്‍ വിജയിക്കുകയും ചെയ്താല്‍ പിണറായി മന്ത്രിസഭയില്‍ കൊല്ലത്ത് നിന്നു ബാലഗോപാല്‍ ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല.