സംസ്ഥാനം നികുതി കുറക്കട്ടെ, എന്നാല്‍ ഇന്ധനവില കുറയ്ക്കാമെന്ന് വി മുരളീധരന്

കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടാകാന്‍ കേരളം നികുതി കുറയ്ക്കട്ടെ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഇന്ധനവില വര്‍ധന സംബന്ധിച്ച ചോദ്യത്തിന് സംസ്ഥാനസര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നികുതിയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന നികുതിയുടെ വലിയ അംശം ക്ഷേമപദ്ധതികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുകയാണ്. പിണറായി സര്‍ക്കാര്‍ സൗജന്യമായിട്ട് അരി കൊടുക്കുന്നുണ്ടല്ലോ. അത് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന അരിയാണല്ലോ. അതൊക്കെ വേണ്ട എന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ മതി.
അന്താരാഷ്ട്ര വിലയുടെ മാത്രം അടിസ്ഥാനത്തിലല്ല ഇന്ധനവില നിര്‍ണയിക്കുന്നത്. ക്രൂഡോയില്‍ വില, ട്രാന്സ്പോര്ട്ടേഷന് ചെലവ്, പ്രോസസിംഗ് ചെലവ്, മറ്റു രാജ്യങ്ങളുമായുള്ള കരാറുകള്‍ എന്നിവ കൂടി അടിസ്ഥാനമാക്കിയാണ് വില നിര്‍ണയം. ഇതിനു പുറമേ ചുമത്തുന്ന നികുതി 50 ശതമാനത്തിന് മുകളിലാണ്. ആ നികുതി സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരേപോലെയാണെന്നും മുരളീധരന് പറഞ്ഞു. കേന്ദ്രം പല ഘട്ടങ്ങളുടെ നികുതി കുറച്ചിട്ടുണ്ട്. ആവശ്യം വരുമ്ബോള്‍ നികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ സി വേണുഗോപാലിനെ ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത കാര്യം അറിയില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന് പറഞ്ഞു. ബൈപാസിനായി കൂടുതല്‍ ഇടപെടല്‍ ഉണ്ടായത് എല്‍ഡിഎഫ് കാലത്ത് അല്ല എന്നും മുരളീധരന് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ ആലപ്പുഴ ബൈപാസിന്റെ കാര്യത്തില്‍ ഒന്നും ചെയ്തില്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് സൂര്യന് പടിഞ്ഞാറാണ് ഉദിക്കുന്നത് എന്നും പ്രചരിപ്പിക്കാമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.