അന്ന് അധികൃതര്‍ കണ്ണ് തുറന്നെങ്കില്‍ ആരതി ഇന്ന് ജീവനോടെയുണ്ടാകുമായിരുന്നു,മനുഷ്യാവകാശ കമ്മീഷന്‍ വിളിപ്പിച്ചു

തേനീച്ചയുടെ കുത്തേറ്റ് അവള്‍ പോയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. സംഭവത്തില്‍ നിയമത്തിന്റെ മെല്ലെപ്പോക്കില്‍ നടപടി നടക്കുന്നത് ഇപ്പോളാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മരത്തില്‍ കൂടുവെച്ച തേനീച്ചയുടെ കുത്തേറ്റാണ് മുരുകേശന്റെ മകള്‍ ആരതി മരണപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25ന് രാത്രിയാണ് സംഭവം.
സംഭവത്തില്‍ മരം മുറിക്കണമെന്ന് നാട്ടുകാരുടെ പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എഞ്ചിനീയറെ മനുഷ്യാവകാശ കമ്മിഷന്‍ വിളിച്ചു വരുത്തും. കമ്മീഷന്‍ അംഗം വി,കെ ബീനാകുമാരി വെള്ളിയാഴ്ച പാലക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിലാണ് ചിറ്റൂര്‍ എരുത്തേമ്പതി മൂകില്‍മട വീട്ടില്‍ മുരുകേശന്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ചത്.
വീടിന് സമീപം റോഡരികിലുള്ള മരത്തില്‍ നിന്നാണ് ആരതിക്ക് തേനീച്ചയുടെ കുത്തേറ്റത്. കുട്ടിയെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുമ്പും നിരവധി പേര്‍ക്ക് ഇവിടെ നിന്നും തേനീച്ചക്കുത്ത് ഏറ്റിട്ടുണ്ട്. 2012 ജനുവരി 12നും 2018 മേയ് 10നും മരം മുറിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോതുമരാമത്ത് എന്‍.എച്ച് സബ് ഡിവിഷനിലും കൊഴിഞ്ഞമ്പാറ ഓഫിസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുത്തില്ല. അടുത്തമാസം പാലക്കാട് നടക്കുന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ കേസ് പരിഗണിക്കും.