‘മൊട’ കാണിച്ചതോടെ മാണി സി കാപ്പന്‍ ഇടപെട്ടു. ലോറി ഡ്രൈവറുടെ താക്കോല്‍ കൈക്കലാക്കി നഷ്ടപരിഹാരവും ഉറപ്പാക്കി

മേലുകാവ്: അല്ലെങ്കിലും മാണി സി കാപ്പന്‍ ഒരു സിനിമാ താരം കൂടിയാണല്ലോ. അതിന്റെ പവര്‍ കാണിക്കാതിരിക്കില്ല. സിനിമാ സ്‌റ്റൈലില്‍ വില്ലത്തരവുമായി ടോറസ് ഉടമകള്‍ എത്തിയപ്പോള്‍ ആ വില്ലത്തരം പാലായില്‍ ചെലവാകില്ലെന്നു സിനിമാതാരം കൂടിയായ മാണി സി. കാപ്പന്‍ എം.എല്‍.എ. കാഞ്ഞിരം കവലയില്‍ നിയന്ത്രണംവിട്ട ടോറസ് ലോറി ഇടിച്ചുകയറി കൊച്ചോലിമാക്കല്‍ മേഴ്‌സി ജെയിംസിന്റെ വീടിന് ഉണ്ടായ നാശനഷ്ടം പരിഹരിക്കാന്‍ ചേര്‍ന്ന ചര്‍ച്ചയ്ക്കിടെയാണ് സംഭവം. അനുനയചര്‍ച്ചയ്ക്കിടെ അതിക്രമത്തിന് ശ്രമിച്ചത് മാണി സി.കാപ്പന് സഹിച്ചില്ല. ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി വീടിനുണ്ടായ നാശം പരിഹരിക്കാന്‍ ടോറസ് ഉടമകളുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് സംഭവം.
ഉടമകളുടെ ആളുകള്‍ ലോറി നീക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. ലോറിയില്‍ കയറി കാപ്പന്‍ താക്കോലൂരിവാങ്ങി ശ്രമം തടഞ്ഞു. മാണി സി.കാപ്പന്‍ അനീതിക്ക് എതിരേ രോഷത്തോടെ പ്രതികരിച്ചത് നാട്ടുകാര്‍ സന്തോഷത്തോടെ വരവേറ്റു. മേഴ്‌സി ജയിംസിന്റെ വീടിനുണ്ടായ നഷ്ടം പരിഹരിച്ച് തുക നല്‍കാന്‍ ധാരണയായി. മാണി സി കാപ്പന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പാറമട ഉടമകളും ലോറി ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഇന്ന് 10ന് മേലുകാവ് പൊലീസ് സ്റ്റേഷനില്‍ ഒപ്പുവയ്ക്കും.
നാട്ടുകാര്‍ തടഞ്ഞിട്ട 15 ടിപ്പറുകള്‍ ചര്‍ച്ചകളില്‍ തീരുമാനമാകുന്നതിനു മുന്‍പ് ഉടമകള്‍ കൊണ്ടു പോകാന്‍ ഒരുങ്ങിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. മാണി.സി കാപ്പന്‍ ലോറിയുടെ താക്കോല്‍ ഊരി വാങ്ങി ഈ ശ്രമം തടഞ്ഞു. വീടിന്റെ നാശനഷ്ടം മേലുകാവ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിലയിരുത്തും. 20 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതാണ് ഏകദേശ കണക്ക്. ഇന്‍ഷുറന്‍സ് തുകയ്ക്ക് പുറമേ നഷ്ടമുണ്ടായതിന്റെ പൂര്‍ണ ഉത്തരവാദിത്തം പാറമട ഉടമ വഹിക്കുമെന്നാണു ധാരണ.
വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന 2 ബൈക്കുകള്‍ക്കും ഒരു കാറിനും ഉണ്ടായ നാശനഷ്ടം വിലയിരുത്തി ഇന്‍ഷുറന്‍സ് തുകയ്ക്കു പുറമേയുള്ള തുക ലോറി ഉടമ വഹിക്കും. വീട് പുനര്‍ നിര്‍മിക്കുന്നതു വരെ 3 മാസത്തെ വാടക ഇനത്തില്‍ 20,000 രൂപയും നല്‍കും. മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ ബെഞ്ചമിന്‍ തടത്തിപ്ലാക്കല്‍, മേലുകാവ് എസ്എച്ച്ഒ ഷിബു പാപ്പച്ചന്‍, പഞ്ചായത്തംഗം പ്രസന്ന സോമന്‍, എംഎസിഎസ് പ്രസിഡന്റ് ജോസഫ് ജേക്കബ് തുടങ്ങിയവര്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി. ബുധനാഴ്ചയാണ് കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറിയത്. അപകടം ഉണ്ടാകുന്നതിന് പത്ത് മിനിറ്റ് മുമ്ബ് മേഴ്സിയും മകന്‍ ജിജോയും ബന്ധുവീട്ടിലേക്ക് പോയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടമുണ്ടായ ശേഷം ഇതുവഴി ലോഡുമായി വന്ന പതിനഞ്ചോളം ടോറസ് ലോറികളും നാട്ടുകാര്‍ തടഞ്ഞിട്ടിരുന്നു.