കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി;കോവിഡ് പ്രതിസന്ധിയിലെ വെല്ലുവിളികളും നേട്ടങ്ങളും വിവരിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാലത്തെ വെല്ലുവിളികളും നേട്ടങ്ങളും വിവരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റവതരണം. ലോക്ക്ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് സമ്ബദ് വ്യവസ്ഥ നേരിട്ടത് മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ്. ഇതില്‍നിന്ന് കരകയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചു. ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകളാണ് അവതരിപ്പിച്ചതെന്നും ധനമന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായതായും ധനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് വാക്സിന് വികസിപ്പിച്ചത് രാജ്യത്തിന്റെ നേട്ടമാണ്. രണ്ട് വാക്സിനുകള്‍ക്ക് കൂടി ഉടന്‍ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്സിനും മറ്റു രാജ്യങ്ങള്‍ക്ക് വേണ്ട വാക്സിനും ഉത്പാദിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
പൂര്‍ണമായും കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത ടാബ് ഉപയോഗിച്ചാണ് അവതരണം. ആന്‍ഡ്രോയിഡ്, ആപ്പിള്‍ സ്മാര്‍ട്ഫോണുകള്‍ക്കായി പ്രത്യേക ബജറ്റ് ആപ് തയാറാക്കിയിട്ടുണ്ട്.