നടുറോഡില്‍ രണ്ടരവയസുള്ള കുഞ്ഞ്, സഡന്‍ ബ്രേക്കിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഗുഡ് സര്‍വീസ് സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: ഇവരൊക്കെയാണ് നമ്മുടെ നാടിന്റെ ഹീറോകള്‍. തിരക്കേറിയ ദേശീയപാതയില്‍ പന്തിന് പിന്നാലെ ഓടിയെത്തിയ കുഞ്ഞിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ കെ.എസ്.ആര്.ടി.സി ഡ്രൈവറെ ആദരിച്ചു. പാപ്പനംകോട് യൂനിറ്റിലെ ഡ്യൂട്ടി നമ്പര്‍. 83 സര്‍വിസ് നടത്തിയ ഡ്രൈവര്‍ കെ. രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. മകച്ച പ്രവര്‍ത്തനത്തിലൂടെ മാതൃകകാട്ടിയ ഡ്രൈവര്‍ കെ. രാജേന്ദ്രന് ഗുഡ് സര്‍വിസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു.
രാജേന്ദ്രന് കഴിഞ്ഞ 29 ന് സര്‍വിസ് നടത്തുന്നതിന് ഇടയില്‍ ഉദിയന്‍കുളങ്ങര വച്ച് വൈകീട്ട് നാലരയോടെ കടയില്‍ മാതാപിതാക്കളോടൊപ്പം സൈക്കില്‍ വാങ്ങാനെത്തിയ രണ്ടു വയസ്സുകാരന് കൈയില്‍ ഇരുന്ന പന്ത് റോഡില്‍ പോയപ്പോള്‍ പിറകെ ഓടുകയായിരുന്നു. റോഡിന് നടുവില്‍ കുഞ്ഞ് എത്തിയപ്പോഴാണ് എല്ലാവരുടേയും ശ്രദ്ധയിപ്പെട്ടത്. ഇതിനിടയില്‍ എത്തിയ ബസ് ഡ്രൈവര്‍ സമയോചിതമായി ബസ് ബ്രേക്കിട്ട് നിര്‍ത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.
കടയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണകാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ വൈറലായി. തുടര്‍ന്നാണ് പാപ്പനംകോട് ഡിപ്പോയില്‍ ഡ്രൈവര്‍ രാജേന്ദ്രനെ ആദരിക്കുകയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള യോഗം സംഘടിപ്പിക്കുകയും ചെയ്തത്. പാപ്പനംകോട് ഡിപ്പോയില്‍ നടന്ന പരിപാടി എ.ടി.ഒ കെ.ജി. സൈജു ഉദ്ഘാടനം ചെയ്തു. എ.ഡിഇ. നസീര്‍ എം., വൈക്കിള്‍ സൂപ്പര്‍ വൈസര്‍ എബനിസര്‍, യൂനിയന്‍ പ്രതിനിധികളായ സതീഷ് കുമാര്‍, അനില്‍കുമാര്‍, രതീഷ്കുമാര്‍, മനോജ്, എസ്. കെ. മണി, സൂപ്രണ്ട് സന്ധ്യാദേവി, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ വി.എസ്. ബിനു എന്നിവര്‍ പങ്കെടുത്തു.
നെയ്യാറ്റിന്‍കര: ഡ്രൈവര്‍ കെ. രാജേന്ദ്രന് നാട്ടുകാര്‍ സ്നേഹനിര്‍ഭരമായ ആദരവ് നല്കി. നാട്ടുകാരുടെയും കെ.എസ്.ആര്.ടി.എംപ്ലോയീസ് അസോസിയേഷന് നെയ്യാറ്റിന്‍കര യൂനിറ്റിെന്റയും നേതൃത്വത്തില്‍ സനല്‍ സൈക്കിള്‍സിന് മുന്നില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. മാതൃകാ ഡ്രൈവര്‍ കെ. രാജേന്ദ്രന് കെ. ആന്‍സലന്‍ എം.എല്‍.എ. സ്നേഹോപഹാരം സമ്മാനിച്ചു. കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് നവനീത് കുമാറിെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെങ്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് അജിത്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹില്‍ ആര്. നാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന, ജെന്നര്‍, ബിനുകുമാര്‍, കെ.എസ്.ആര്.ടി.എംപ്ലോയീസ് അസോസിയേഷന് ഭാരവാഹികളായ എന്‍.കെ. രഞ്ജിത്ത്, ജി. ജിജോ, എസ്.ആര്. ഗിരീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ശ്രീകുമാരന്‍ നായര്‍, സജീവ്, വ്യാപാരി വ്യവസായി സമിതി ജില്ല ജോയിന്റ് സെക്രട്ടറി ഷാനവാസ്, സനല്‍ സൈക്കിള്‍സ് ഉടമ സനല്‍, സജയന്, രാജേഷ് എന്നിവര്‍ സംസാരിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ കെ. രാജേന്ദ്രന് സ്വീകരണം നല്കി.