വൈകല്യം മറന്ന് വേമ്പനാട് കായലിന്റെ കാവലാളായ രാജപ്പന് വീടുവെച്ചുനൽകാൻ ബോബി ചെമ്മണ്ണൂർ

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച എൻ എസ് രാജപ്പന് സഹായവുമായി ബോബി ചെമ്മണ്ണൂർ. രാജപ്പനെ നേരിൽക്കണ്ട് അഭിനന്ദിച്ച ബോബി വീടു വയ്‌ക്കാനുള്ള സാമ്പത്തിക സഹായം കൈമാറി. പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് മോഡി രാജപ്പനെ പ്രശംസിച്ചത്.
നടക്കാനാകില്ലെങ്കിലും തുഴഞ്ഞെത്തി വേമ്പനാട്ടു കായലിലെ പ്ലാസ്‌റ്റിക്ക് മാലിന്യങ്ങൾ നീക്കുന്ന രാജപ്പനു മോട്ടോർ ഘടിപ്പിച്ച വള്ളം സമ്മാനമായി നൽകാനാണു ബോബി എത്തിയത്. എന്നാൽ, വള്ളം വാങ്ങി നൽകാൻ മറ്റൊരു സംഘടന മുന്നോട്ടു വന്നതോടെ രാജപ്പനു വീടു വയ്‌ക്കാൻ സാമ്പത്തിക സഹായം നൽകുകയായിരുന്നു. കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പനു ചെറുപ്പത്തിൽ പോളിയോ ബാധിച്ചു രണ്ടുകാലും തളർന്നതിനാൽ നടക്കാനാവില്ല.
കണ്ടുവളർന്ന മീനച്ചിലാറും കായലും മലിനമാകുന്നതിലുള്ള സങ്കടമാണ് അദ്ദേഹത്തെ പ്ലാസ്‌റ്റിക് കുപ്പികൾ പെറുക്കി വൃത്തിയാക്കാൻ പ്രേരിപ്പിച്ചത്. കായലിൽ വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പൻ ചേട്ടനെ സോഷ്യൽ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. കുപ്പി വിറ്റാൽ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം.
രാവിലെ ആറ് മണിയാകുമ്പോൾ രാജപ്പൻ വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താൻ. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ആറ് വർഷമായി രാജപ്പൻ ചേട്ടൻ ഈ തൊഴിൽ തുടങ്ങിയിട്ട്.