Kerala NewsLatest NewsNews

നിയമസഭാ തിരഞ്ഞെടുപ്പും കോവിഡില്‍ മുങ്ങുമോ,കര്‍ശന പ്രോട്ടോകോള്‍ പാലിച്ച് മാത്രമെന്ന് ടീക്കാറാം

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്ക്, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മുതല്‍ ഫലപ്രഖ്യാപനം വരെ തെരഞ്ഞെടുപ്പ് നടപടികളില്‍ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം അടക്കമുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കും.

സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ സമയത്ത് ആളുകളുടെ എണ്ണവും നിയന്ത്രിക്കും. ഈ സമയത്ത് തിരക്ക് ഒഴിവാക്കുന്നതിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത സമയം ക്രമീകരിച്ചു നല്‍കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി മനസിലാക്കിവേണം തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഏര്‍പ്പെടാന്‍. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ സമയത്തും തിരികെ സമര്‍പ്പിക്കുന്ന സമയത്തും ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിബന്ധനകളില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും സുതാര്യമായ തെരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരുടെ കൃത്യമായ ഏകോപനവും ആത്മസമര്‍പ്പണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തൈക്കാട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ ഓഫിസില്‍ ഫെബ്രുവരി ഒന്നു മുതല്‍ നാലുവരെയാണ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായുള്ള പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്ന റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി സി.ഇ.ഒ പ്രേം കുമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ റ്റി.ആര്‍.അഹമ്മദ് കബീര്‍, റിട്ട. പ്രിന്‍സിപ്പള്‍ സെക്രട്ടറി വില്‍ഫ്രഡ് എന്നിവരും സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button