
കോഴിക്കോട്: എഴുപതുകളിലും എൺപതുകളിലും മലയാളം, തമിഴ്, തെലുഗ് സിനിമാരംഗത്തെ ശ്രേദ്ധയനായിരുന്നു തിങ്കളാഴ്ച അന്തരിച്ച ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ്. നിവാസ് എന്ന പി. ശ്രീനിവാസ്. സാഹിത്യ-സാംസ്കാരിക നായകർ നിറഞ്ഞ കോഴിക്കോട്ട് ആരാലും അറിയപ്പെടാതെ നിവാസ് ജീവിച്ചുപോരുകയായിരുന്നു.
അദ്ദേഹത്തെ കുറിച് ഓർക്കുകയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്‌കാരം കിട്ടിയിട്ടും അതു സ്വീകരിക്കാൻ പി.എസ്. നിവാസ് താത്പര്യം കാണിച്ചിരുന്നില്ലെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു അവാർഡ് സംഘാടകർ തപാലിൽ അയക്കുകയായിരുന്നു. തമ്പി സംവിധാനം ചെയ്ത ചിത്രമായ ‘മോഹിനിയാട്ട’ത്തിലൂടെയാണ് നിവാസിന് ദേശീയ പുരസ്‌കാരം ലഭിച്ചത്.
പി.എസ്. നിവാസുമായി വളരെ നല്ല സൗഹൃദമായിരുന്നുവെന്ന് ശ്രീകുമാരൻതമ്പിയ്ക്ക്. ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായിരുന്നപ്പോഴാണ് നിവാസിനെ പരിചയപ്പെട്ടത്. രണ്ടു പേരും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചവരാണ്. തുടർന്ന് മോഹിനിയാട്ടത്തിന്റെ ക്യാമറ നിവാസിനെ ഏൽപ്പിച്ചു. 1976-ലാണ് ആ ചിത്രം പുറത്തിറങ്ങിയത്. അക്കാലത്തെ ബ്ലാക്ക് ആൻഡ് വൈറ്റിലെ മികച്ച ഛായാഗ്രഹണമായിരുന്നു അത്. നിവാസിന്റെ വിദഗ്ധമായ ആ ഛായാഗ്രഹണത്തിനാണ് 1977 ൽ ദേശീയ അവാർഡ് ലഭിച്ചത്.
ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതോടെ നിവാസിന് തിരക്കേറി. പി. ഭാരതിരാജയുടെ ’16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് നിവാസ് തമിഴ് സിനിമയിൽ ചുവടുറപ്പിച്ചത്. കമൽഹാസൻെറ പ്രശസ്തമായ സാഗരസംഗമം എന്ന ചിത്രത്തിലും ഭാഗമായി. മൂന്നു തമിഴ് സിനിമകൾ സംവിധാനം ചെയ്തെങ്കിലും ഹിറ്റുകളായില്ല. സിനിമ നിർമാണരംഗത്തും ഇദ്ദേഹമുണ്ടായിരുന്നു.
നടക്കാവിൽ ജനിച്ച നിവാസ് ഈങ്ങാപ്പുഴ എടുത്തുവെച്ചകല്ല് എന്ന പ്രദേശത്തെത്തിയത് ഗ്രാമഭംഗി തേടിയായിരുന്നു. നടക്കാവിലുള്ള വീടും സ്ഥലവും വിറ്റാണ് പുതുപ്പാടി കണ്ണപ്പൻകുണ്ടിനടുത്ത എടുത്തുവെച്ചകല്ലിലെത്തിയത്. രക്താർബുദം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ആശുപത്രിവാസം ശ്വാസംമുട്ടിക്കുന്നുവെന്ന് പറഞ്ഞ് കുറച്ചു ദിവസം മുമ്പ് പാലിയേറ്റിവ് കെയർ സൻെററിലേക്കു മാറിയിരുന്നു.