ബിജെപി മല്‍സരിക്കുന്നത് കേരളം ഭരിക്കാന്‍, ത്രിപുര മോഡല്‍ കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന് എപി അബ്ദുല്ലക്കുട്ടി

കൊച്ചി : സംസ്ഥാനത്ത് 32 സീറ്റില്‍ ബിജെപി നിര്‍ണായക ശക്തിയാകുമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റും വോട്ടുവിഹിതവും കൂടി. ബിജെപി കേരളത്തില്‍ മത്സരിക്കുന്നത് ഭരണം പിടിക്കാന്‍ തന്നെയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. ത്രിപുര മോഡല്‍ കേരളത്തില്‍ ആവര്‍ത്തിക്കുമെന്നും പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ തന്നെ വലിച്ച് താഴെയിടുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം വിഭാഗത്തില്‍ പഴയ വര്‍ഗീയ കാര്‍ഡിറക്കിയിട്ടു കാര്യമില്ല. വിദ്യാഭ്യാസമുള്ളവര്‍ മാറി ചിന്തിക്കും. പഴയ എസ്എഫ്ഐക്കാരന്‍ എന്ന നിലയില്‍ വിജയരാഘവന്‍ വികാരപരമായി സത്യം വിളിച്ചു പറഞ്ഞു. സത്യത്തില്‍ തിരുത്തേണ്ട കാര്യമില്ല. മനസിലുള്ള കാര്യമാണ് പറഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ത്രിപുരയിലും ബിജെപിക്കു കേരളത്തിലെപോലെ വോട്ട് ഷെയറോ സംഘടനാ ശക്തിയോ നേതൃത്വപരിചയമോ ഇല്ലായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി ഓര്‍മ്മിപ്പിച്ചു.മുസ്ലീം ലീഗിനെതിരെ കടുത്ത ജനവികാരമുണ്ട്. കടുത്ത ഇസ്ലാമിക വികാരം ഇളക്കിവിട്ടും തീവ്ര ജമാഅത്തെ ഗ്രൂപ്പിനെ നിലനിര്‍ത്തിയുമാണ് ലീഗ് മുന്നോട്ട് പോകുന്നത്. ലീഗ് കോണ്‍ഗ്രസിനെ കുളിപ്പിച്ചു കിടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സിപിഎമ്മിനു വലിയ തോതില്‍ വോട്ട്, സീറ്റ് ഷെയര്‍ പോകും. അവരുടെ കാലിനടിയിലെ മണ്ണ് ഒഴുകിപോകുന്നു. അതില്‍നിന്ന് അവര്‍ പലപ്പോഴും രക്ഷപ്പെട്ടത് മുസ്ലിം പ്രീണനം നടത്തിയാണ്. കേന്ദ്രം നല്‍കുന്ന മൈനോറിറ്റി ഫണ്ട് 81 ശതമാനവും മുസ്ലീങ്ങള്‍ക്ക് നല്‍കി ക്രൈസ്തവരടക്കമുള്ളവരെ ഒഴിവാക്കുന്നു. അങ്ങനെയാണ് വോട്ട് നിലനിര്‍ത്തിയത്. എന്നാല്‍ വിജയരാഘവന്റെ പ്രസ്താവനയിലൂടെ ഇത്തവണ മുസ്ലിം പിന്തുണ കുറയുമോ എന്നു പിണറായിക്കു പേടിയുണ്ട്. ന്യൂനപക്ഷ പ്രീണനമെന്ന നിലയിലാണ് സിപിഎം വിജയരാഘവന്റെ പ്രസ്താവന തിരുത്തിയത്.