CinemaKerala NewsLatest NewsMovieMusicNews

സോബി ഒന്നും കണ്ടില്ല, വ്യക്തി വിരോധം തീര്‍ക്കാന്‍ ബാലഭാസ്‌കറിനെ ഉപയോഗിച്ചപ്പോള്‍ മാതാപിതാക്കള്‍ കണ്ണടച്ച് വിശ്വസിച്ചു;സിബിഐ റിപ്പോര്‍ട്ടിങ്ങനെ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് കേസ് അന്വേഷിക്കുന്ന സി ബി ഐയുടെ റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്നാണ് മരണമുണ്ടായതെന്നും അപകട സമയത്ത് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നുവെന്നും സി ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് മിമിക്രി കലാകാരനായ കലാഭവന്‍ സോബി നല്‍കിയതെല്ലാം തെറ്റായ വിവരങ്ങള്‍ എന്നും സിബിഐയുടെ കണ്ടെത്തല്‍.

താന്‍ അപകടം കണ്ടു എന്നാണ് സോബി പറഞ്ഞത്. എന്നാല്‍ ഈ മൊഴി സി ബി ഐ പൊളിച്ചടുക്കി. അപകടം നടന്ന് ഏറെ സമയം കഴിഞ്ഞാണ് സോബി അതുവഴി പോയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പെട്രോള്‍ പമ്പിനു സമീപം താന്‍ കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുമ്പോള്‍ ബാലഭാസ്‌കറിന്റെ നീല ഇന്നോവ കാറിന്റെ ചില്ലുകള്‍ ഒരു സംഘം അടിച്ചു തകര്‍ത്തെന്ന് സോബി മൊഴി നല്‍കിയിരുന്നു. ഇങ്ങനെ ഒരു സംഭവം ഇവിടെ നടന്നിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പെട്രോള്‍ പമ്പിലെ ജീവനക്കാരില്‍ നിന്നും സംഭവ സ്ഥലത്തു നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇവിടെ സിസിടിവി ഉണ്ടെന്നാണു പറഞ്ഞതെങ്കിലും അത്തരത്തില്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനായില്ല.

മാത്രമല്ല മറ്റുചിലരോടുളള പകതീര്‍ക്കാനും മാദ്ധ്യമശ്രദ്ധനേടാനുമാണ് കളളത്തരങ്ങള്‍ പ്രചരിപ്പിച്ചതെന്നുമാണ് സി ബി ഐയുടെ കണ്ടെത്തല്‍. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് സോബിക്കെതിരെ കേസെടുക്കുകയും ചെയ്തു. മരണത്തില്‍ ദുരൂഹതയില്ലെന്നു കാണിച്ച് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് സോബിക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യക്തിവിരോധം തീര്‍ക്കുന്നതിനും ശ്രദ്ധിക്കപ്പെടുന്നതിനുമാണ് സോബി ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് നിഗമനം. മരിച്ച ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ഇതു വിശ്വസിച്ചാണ് പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നതെന്നും സിബിഐ വിശദീകരിക്കുന്നു.

സോബിയുടെ മൊഴിയില്‍ പറയുന്ന ഇസ്രയേലിലുള്ള കോതമംഗലം സ്വദേശിനിയായ യുവതി അദ്ദേഹത്തിന്റെ മുന്‍ പങ്കാളിയായിരുന്നുവെന്നാണു വ്യക്തമായത്. പിന്നീട് ഇവര്‍ സോബിയുമായി പിരിഞ്ഞു. ഇതിലുള്ള വ്യക്തി വിരോധം തീര്‍ക്കുന്നതിനാണ് അവരെ ഇതിലേയ്ക്കു വലിച്ചിഴയ്ക്കുന്നതെന്നാണ് ആരോപണം. കേസ് ഒതുക്കാനായി ഒരു സംഘം ആളുകള്‍ 100 കിലോ സ്വര്‍ണം തനിക്കു വാഗ്ദാനം ചെയ്തു എന്നാണ് ഇദ്ദേഹം പറയുന്നത്. മുന്‍ പങ്കാളിയോട് ദേഷ്യം തീര്‍ക്കാനുള്ള അവസരമായാണ് ഇത് ഉപയോഗപ്പെടുത്തിയതെന്നാണ് ആരോപണം.

അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയോടെ വാഹനം ഓടിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, അപകടത്തിന് മുന്‍പ് ബാലഭാസ്‌കര്‍ ആക്രമിക്കപ്പെട്ടെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയ കലാഭവന്‍ സോബിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 182,193 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും സി ബി ഐ തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button