CharityDeathLatest NewsWorld

യു.കെ നാഷണൽ ഹെൽത്ത് സർവീസിനായി പണം സമാഹരിച്ച് ലോകശ്രദ്ധ നേടിയ ക്യാപ്റ്റൻ ടോം മൂർ അന്തരിച്ചു

ലണ്ടൺ: യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന് വേണ്ടി 3.2 കോടി പൗണ്ട് (319 കോടി രൂപ) സമാഹരിച്ച കൊറോണ കാലത്ത് ലോക ശ്രദ്ധ നേടിയ സൈനിക ക്യാപ്റ്റൻ ടോം മൂർ അന്തരിച്ചു. 100 തികഞ്ഞ മൂറിന് പ്രായത്തിന്റേതായ അവശതകളുണ്ടായിരുന്നു. കഴിഞ്ഞ മാസം കൊറോണ ബാധിതനായ ഇദ്ദേഹത്തിന് ന്യുമോണിയ കലശലാതിനെ തുടർന്നാണ് അന്ത്യം.

രണ്ടാം ലോകയുദ്ധ വീരനായ ക്യാപ്റ്റൻ ടോം മൂർ 99ാം വയസ്സിൽ വാർധകസഹജമായ അവശതകൾ നിലനിൽക്കെയാണ് വലിയൊരു തുക യു.കെ നാഷണൽ ഹെൽത്ത് സർവീസിനായി സമാഹരിച്ചത്. യു.കെയിലെ പൊതുജന ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കാണ് എൻ.എച്ച്.എസിനുള്ളത്. കൊറോണ വ്യാപനത്തിന്റെ സമയത്ത് വലിയ പ്രതിസന്ധി നേരിട്ട ഈ പ്രസ്ഥാനത്തെ സഹായിക്കാനാണ് ടോം മൂർ വീടിന് പുറത്തിറങ്ങാൻ തീരുമാനിച്ചത്.

തന്റെ വീടിന് മുന്നിലുള്ള പൂന്തോട്ടത്തിൽ 100 തവണ ചുറ്റി നടക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചത്. വീടിനുള്ളിൽ ചടഞ്ഞുകൂടി പുസ്തകവും വായിച്ചിരിക്കുന്നതിനേക്കാൾ നടത്തം മാറ്റം കൊണ്ടുവന്നേക്കുമെന്നാണ് ടോം കരുതിയത്. അതിലൂടെ കുറച്ച് പണം എൻ.എച്ച്.എസിന് വേണ്ടി സമാഹരിച്ച് നൽകാമെന്നും കരുതി. ഇതിനായി അദ്ദേഹം മകളുടെ സഹായത്തോടെ ഒരു അക്കൗണ്ടും ആരംഭിച്ചു. കൂടിപ്പോയാൽ ആയിരം യൂറോ ലഭിക്കുമെന്ന് പ്രതീക്ഷിച്ച അദ്ദേഹത്തെയും ലോകത്തെയും ഞെട്ടിച്ച് ടോമിന്റെ അക്കൗണ്ടിലെത്തിയത് 32.8 കോടി യൂറോയാണ്.

ലക്ഷക്കണക്കിന് ആളുകളാണ് ടോം മൂറെയുടെ നൂറാം വയസിലെ നടത്തത്തിൽ സംഭാവന നൽകി എൻ.എച്ച്.എസിനെ സഹായിക്കാനായി മുന്നോട്ടുവന്നത്. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സർ പദവി നൽകി ആദരിച്ചു.

ടോം മൂറെയ്ക്ക് ഇന്ത്യയുമായി ചെറിയൊരു ബന്ധമുണ്ട്. കോളനിവാഴ്ചക്കാലത്ത് ഇദ്ദേഹം ഇന്ത്യയിലേക്ക് അയക്കപ്പെട്ടു. 1942-43 വർഷത്തിൽ ജാപ്പനീസ് സൈന്യത്തിനെതിരേ ഇദ്ദേഹം ആരക്കൻ മേഖലയിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.

50-ാം വയസിലാണ് ടോം മുറെ വിവാഹം കഴിക്കുന്നത്. ഇതിൽ രണ്ട് മക്കളുമുണ്ട്. 2006-ൽ ഇദ്ദേഹത്തിന്റെ ഭാര്യ മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കാൻസർ ബാധിച്ചു. അതിനെയും അതിജീവിച്ച് ജീവിതത്തിൽ ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ ലോകത്തിന് തന്നെ മാതൃകയായ സംരംഭത്തിന് അദ്ദേഹം തുടക്കമിട്ടത്. എന്നാൽ ജനുവരി 22ന് കൊറോണ ബാദിതനായ അദ്ദേഹം ന്യൂമോണിയ ബാധിച്ചണ് മരിക്കുന്നത്. മറ്റ് മരുന്നുകൾ കഴിക്കുന്നതിനാൽ അദ്ദേഹത്തിന് വാക്‌സിനെടുക്കാനായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button