GulfHealthNews

യുഎഇയിലെ മികച്ച ഭരണനേതൃത്വം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയേകി എല്ലാ ജീവനക്കാര്‍ക്കും കൊറോണ വാക്‌സിന്‍ ഉറപ്പാക്കാന്‍ യൂണിയന്‍ കോപ്

ദുബൈ: തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും കൊറോണ വാക്‌സിനേഷനുള്ള സൗകര്യം ഒരുക്കി യൂണിയന്‍ കോപ്. ആരോഗ്യ പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് വാക്‌സിനേഷനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനം എല്ലാ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കുന്നത്.

യുഎഇയിലെ മികച്ച ഭരണനേതൃത്വം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയേകാനാണ് യൂണിയന്‍ കോപ് എല്ലാ ജീവനക്കാര്‍ക്കും കൊറോണ വാക്‌സിന്‍ നല്‍കുന്നതെന്ന് യൂണിയന്‍ കോപിന്റെ മാനവവിഭവ ശേഷി സ്വദേശിവത്കരണ ഡയറക്ടര്‍ അഹമദ് സാലെം ബിന്‍ കെനൈദ് അല്‍ ഫലസി പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനും രോഗങ്ങളും പകര്‍ച്ചവ്യാധികളും നിയന്ത്രിക്കാനുമായി മികച്ചരീതിയിലാണ് ഭരണകൂടം നടപടികൾ സ്വീകരിക്കുന്നത്. ജീവനക്കാരുടെയും സമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും പരിപാലിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുന്നത് യൂണിയന്‍ കോപ് തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ആദ്യ ഘട്ടത്തില്‍ 360 ഡോസ് കൊറോണ വാക്‌സിന്‍ യൂണിയന്‍ കോപ് ജീവനക്കാര്‍ക്ക് നല്‍കാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ രണ്ടാം ഘട്ടത്തില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കാനും അതുവഴി ആരോഗ്യസുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് അഹമദ് അല്‍ ഫലസി ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും ഫ്ലൂ വാക്‌സിന്‍ നല്‍കാന്‍ സൗകര്യമൊരുക്കുന്ന യൂണിന്‍ കോപിന്റെ ജാഗ്രത അദ്ദേഹം എടുത്തുപറഞ്ഞു. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനായി വിദ്യാഭ്യാസ, സാംസ്‌കാരിക, മെഡിക്കല്‍ ക്യാമ്പയിനുകള്‍ യൂണിയന്‍ കോപ് ക്രമാനുഗതമായി സംഘടിപ്പിക്കാറുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button