ശിവശങ്കറിന് ആശ്വാസം: ഡോളർ കടത്തുകേസിലും ജാമ്യം; 98 ദിവസത്തിനുശേഷം ജയിലിൽനിന്നു പുറത്തേയ്ക്ക്

കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം. ഉച്ചകഴിഞ്ഞ് കാക്കനാട് ജയിലിൽനിന്നു പുറത്തിറങ്ങിയ ശിവശങ്കർ തിരുവനന്തപുരത്തേക്ക് തിരിച്ചു. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്.
സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപ ബോണ്ട് നൽകണമെന്നും രണ്ടു പേരുടെ ആൾ ജാമ്യം ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നും നിബന്ധനയുണ്ട്.
ഡോളർ കടത്തുമായി യാതൊരു പങ്കില്ലെന്നും ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികൾ നൽകിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിൻറെ കൈവശം ഉള്ളതെന്നും ശിവശങ്കർ കോടതിയിൽ വാദിച്ചു. സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്.
കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിൽ കഴിഞ്ഞവർഷം ഒക്ടോബർ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. അതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഇതിനോടകം ശിവശങ്കറിനെ ജാമ്യം ലഭിച്ചിട്ടുണ്ട്. ശിവശങ്കർ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താൻ പ്രോസിക്യൂഷന് കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. എന്നാൽ ഡോളർ കടത്ത് കേസിൽ ഉൾപ്പെട്ടതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാനായിരുന്നില്ല.