രണ്ടുതവണ മത്സരിച്ചവർക്ക് ഇനി അവസരമില്ല, തീരുമാനം പരമാവധി നടപ്പാക്കാൻ സിപിഎം

തിരുവനന്തപുരം: രണ്ടുതവണ മത്സരിച്ചവർക്ക് ഇനി അവസരം നൽകേണ്ടെന്ന തീരുമാനം നടപ്പാക്കാൻ സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് നേതൃത്വം സുപ്രധാന തീരുമാനമെടുത്തത്.
അഞ്ച് മന്ത്രിമാരും 17 സിറ്റിങ് എം.എൽ.എമാരും വീണ്ടും മത്സരരംഗത്തുണ്ടാകില്ല. പിണറായി മന്ത്രിസഭയിലെ 11 സി.പി.എം. മന്ത്രിമാരിൽ അഞ്ച് പേരും രണ്ടോ അതിൽ കൂടുതലോ മത്സരിച്ചവരാണ്. ഇതിൽ മന്ത്രിമാരായ തോമസ് ഐസക്, എ.കെ. ബാലൻ എന്നിവർ നാല് തവണയും ജി. സുധാകരൻ, സി. രവീന്ദ്രനാഥ് എന്നിവർ മൂന്നും ടേമും തുടർച്ചയായി ജയിച്ചവരാണ്. ഐസക് രണ്ട് തവണ ആലപ്പുഴയിലും അതിന് മുമ്പ് രണ്ട് തവണ മാരാരിക്കുളത്ത് നിന്നും ജയിച്ചു.
എന്നാൽ മണ്ഡലം നിലനിർത്താൻ മികച്ച സ്ഥാനാർഥികളെ ലഭിക്കുന്നില്ലെങ്കിൽ ഇത്തരക്കാർക്ക് ഇളവ് നൽകാനും പാർട്ടി തീരുമാനിച്ചു.ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം നിയമസഭയിൽ സിപിഎമ്മിന് 58 എംഎൽഎമാരും അഞ്ച് സ്വതന്ത്രരുമാണുള്ളത്.
കേരള കോൺഗ്രസ്-എമ്മിൻറെ വരവോടെ ഘടകകക്ഷികൾക്ക് നൽകേണ്ട സീറ്റുകളെക്കുറിച്ചും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചും സംസ്ഥാന സമിതി ചർച്ച ചെയ്യും. ഇന്നും വ്യാഴാഴ്ചയും യോഗം ചേർന്നാകും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുക.
സിപിഎമ്മിന്റെ ജാഥകൾ 13,14 തിയതികൾ ആരംഭിക്കുന്നുണ്ട്. അത് അവസാനിക്കുന്ന മുറയ്ക്ക് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാമെന്ന തീരുമാനത്തിലേക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എത്തിയിരിക്കുന്നത്.