Latest NewsNationalNews

അടച്ചിട്ട മുറിയില്‍ ആണും പെണ്ണും ഒറ്റയ്ക്കായാല്‍ എന്താ കുഴപ്പം, മദ്രാസ് ഹൈക്കോടതി ഉത്തരവ് സദാചാര പോലീസിനേറ്റ കരണത്തടി

ചെന്നൈ: അടച്ചിട്ട വീട്ടിനുള്ളില്‍ ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ അതിനെ അവിഹിതമായി കണാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരത്തിലുള്ള അനുമാനം അനുസരിച്ച് അച്ചടക്കനടപടിയോ ശിക്ഷയോ നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അടച്ചിട്ട വീട്ടില്‍ വനിതാ കോണ്‍സ്റ്റബിളിനൊപ്പം കണ്ടെത്തിയതിന്റെ പേരില്‍ ആര്‍മ്ഡ് റിസര്‍വ് പൊലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയ കേസ് പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന പരാമര്‍ശം. കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി റദ്ദാക്കുകയും ചെയ്തു.

ജസ്റ്റിസ് ആര്‍ സുരേഷ് കുമാറിന്റെതാണ് ഉത്തരവ്. 1998 ലാണ് കേസിലാസ്പദമായ സംഭവം നടക്കുന്നത്. കെ ശരവണ ബാബു എന്ന കോണ്‍സ്റ്റബിളിനെയാണ് അദ്ദേഹത്തിന്റെ ക്വാര്‍ട്ടേര്‍സില്‍ വനിതാ കോണ്‍സ്റ്റബിളിനൊപ്പം കണ്ടത്. അടച്ചിട്ട വീട്ടില്‍ ഇരുവരേയും ഒന്നിച്ച് കണ്ടതോടെ അയല്‍വാസികള്‍ അവിഹിത ബന്ധമാണെന്ന് ആരോപിച്ചു.

എന്നാല്‍ അയല്‍വാസിയായ വനിതാ കോണ്‍സ്റ്റബിള്‍ അവരുടെ വീടിന്റെ താക്കോല്‍ വാങ്ങിക്കാനായി വീട്ടില്‍ എത്തിയതാണെന്നായിരുന്നു ശരവണ ബാബു വ്യക്തമാക്കിയത്. വനിത ഉദ്യോഗസ്ഥ വീട്ടില്‍ കയറിയതറിഞ്ഞ അയല്‍വാസികള്‍ വാതില്‍ മുട്ടി. വാതില്‍ പൂട്ടിയിരിക്കുയാണെന്ന് മനസ്സിലായതോടെ ആരോപണമുന്നയിക്കുകയായിരുന്നു. എന്നാല്‍, വനിതാ കോണ്‍സ്റ്റബിള്‍ അകത്തു കയറിയതോടെ ആരോ വാതില്‍ പൂട്ടുകയായിരുന്നുവെന്ന് ശരവണ ബാബു വ്യക്തമാക്കുന്നു.

ആരോപണം ഉന്നയിക്കുന്നത് പോലെ ഇരുവരും തമ്മില്‍ മറ്റൊരു ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിന് ദൃക്സാക്ഷികളോ മറ്റ് വ്യക്തമായ തെളിവുകളോ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button