CovidGulfLatest News

പ്രവാസികള്‍ ജാഗ്രതൈ, സൗദിയിലും കുവൈറ്റിലും വിലക്ക്;ഒമാന്‍ അതിര്‍ത്തികള്‍ അടച്ചു

കുവൈറ്റില്‍ വിദേശികള്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. സൗദി അറേബ്യയ്ക്ക് പിന്നാലെ കുവൈറ്റ്, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോവിഡ് രോഗവ്യാപനം വീണ്ടും വര്‍ധിച്ചതോടെ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി ഗള്‍ഫ് രാജ്യങ്ങള്‍.

രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാളുകളില്‍ ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് കുവൈറ്റ് സര്‍ക്കാര്‍ ഉത്തരവിട്ടു.

സലൂണുകളും ഹെല്‍ത്ത് ക്ലബ്ബുകളും പ്രവര്‍ത്തിക്കില്ല. എന്നാല്‍, വന്ദേഭാരത് വിമാന സര്‍വീസുകളെ നിരോധനം ബാധിക്കില്ല. വന്ദേഭാരത് വിമാനത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും കുവൈറ്റിലെത്താം.

ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു പ്രവേശന വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ സൗദി അറേബ്യ വിനോദപരിപാടികള്‍ 10 ദിവസത്തേക്കും വിവാഹ പാര്‍ട്ടികളും കോര്‍പറേറ്റ് മീറ്റിങ്ങുകളും ഒരു മാസത്തേക്കും വിലക്കി. തിയറ്ററുകള്‍, ഷോപ്പിങ് സെന്ററുകളിലും റസ്റ്റോറന്റുകളിലുമുള്ള ഗെയിം, ജിം, കായിക കേന്ദ്രങ്ങള്‍ എന്നിവയും 10 ദിവസം തുറക്കില്ല.

യുഎഇ പബ്ബുകളും ബാറുകളും അടച്ചു. ഗ്ലോബല്‍ വില്ലേജിലെ അടക്കം വിനോദപരിപാടികള്‍ നിര്‍ത്തിവച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി. തലസ്ഥാന എമിറേറ്റായ അബുദാബിയിലേക്കു പ്രവേശിക്കണമെങ്കില്‍ കടുത്ത നിബന്ധനകളുണ്ട്. ഒമാന്‍ തിങ്കളാഴ്ച വൈകിട്ട് വരെ കര അതിര്‍ത്തികള്‍ അടച്ചു. കായിക മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റു പൊതുപരിപാടികള്‍ എന്നിവ വിലക്കി.

ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിവാഹ ആഘോഷങ്ങള്‍ പാടില്ലെന്ന് ഉത്തര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വീടുകളിലെയും മജ്‌ലിസുകളിലെയും വിവാഹച്ചടങ്ങുകള്‍ക്കു നിയന്ത്രണങ്ങളോടെ ഇളവുണ്ട്. കളിസ്ഥലങ്ങള്‍ അടച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശിച്ചു.

കോവിഡിന്റെ രണ്ടാം വകഭേദം കണ്ടെത്തിയതോടെ ബഹ്‌റൈനും നിയന്ത്രണം കര്‍ശനമാക്കി. റസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ക്ലാസ്സുകള്‍ തുറക്കില്ല. അധ്യയനം ഓണ്‍ലൈനാക്കി. പൊതുഗതാഗത സംവിധാനങ്ങളില്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button