യൂട്യൂബിൽ ലൈവ് സ്‌ട്രീമിങിനിടെ അറുപതുകാരൻ അകത്താക്കിയത് ഒന്നര ലിറ്റർ മദ്യം; ഒടുവിൽ ആളുകൾ നോക്കി ഇരിക്കെ ദാരുണാന്ത്യം

റഷ്യൻ ജനതയുടെ പ്രിയപ്പെട്ട മദ്യമാണ് വോഡ്‌ക. പഴയ സുരേഷ് ഗോപി സിനിമയിലെ വാക്കുകൾ കടമെടുത്താൽ സഖാവ് ലെനിനും, ഗോർബച്ചേവും സേവിച്ചിരുന്ന വോഡ്‌ക. എന്നാൽ ആ വോഡ്‌ക ഒരാളുടെ ജീവനെടുത്തിരിക്കുകയാണ്, വേറെ എവിടെയും അല്ല അങ്ങ് റഷ്യയിൽ തന്നെ.
അറുപതുക്കാരനായ ഒരു റഷ്യക്കാരൻ വെല്ലുവിളിയുടെ പുറത്ത് ഒന്നര ലിറ്റർ വോഡ്‌ക അകത്താക്കി. യൂട്യൂബിൽ ലൈവ് സ്‌ട്രീമിങ് നടത്തിയാണ് റഷ്യക്കാരൻ മദ്യം അകത്താക്കിയത്. ഒരു യുട്യൂബറുമായി നടത്തിയ വെല്ലുവിളിയാണ് ഇത്തരമൊരു പരിപാടി നടത്താൻ മരിച്ച വ്യക്തിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിൽ വൈറലായാൽ പണം നൽകാമെന്ന വാഗ്‌ദാനം അറുപതുകാരനായ യൂറി ദ്യൂഷ്‌കിന് ലഭിച്ചിരുന്നു.
വെല്ലുവിളി സ്വീകരിച്ച യൂറി യൂട്യൂബിൽ ലൈവായി ഒന്നര ലിറ്റർ മദ്യം കൂടിച്ചു തീർത്തു. മദ്യം കഴിച്ചയുടനെ ഇയാൾ ശാരീരിക ബുദ്ധിമുട്ടുകൾ കാണിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്‌തു. ഇതെല്ലാം ലൈവായി നിരവധി പേരാണ് കണ്ടത്. പലരും ഭയചികതരായി. കുഴഞ്ഞുവീണ യൂറി നിമിഷങ്ങൾക്കുളളിൽ തന്നെ മരിച്ചു. ഈ സമയത്തെല്ലാം യൂട്യൂബിലെ ലൈവ് സ്‌ട്രീമിങ് തുടരുകയായിരുന്നു.
അപകടത്തെ തുടർന്ന് റഷ്യൻ പൊലീസ് അന്വേഷണം തുടങ്ങി. റഷ്യൻ സെനറ്റർ അലക്‌സി പുഷ്‌കോവ് ഇത്തരം വീഡിയോകൾ തൽസമയം കാണിക്കുന്നത് തടയാനുളള നടപടികൾ യൂട്യൂബിനോട് എടുക്കണമെന്ന് ആവശ്യപ്പെട്ടു. ” സമൂഹമാധ്യത്തിൽ ശ്രദ്ധനേടാൻ പലരും അപകടരമായ വഴികൾ തേടുന്നുവെന്നും ” അലക്‌സി ട്വീറ്റ് ചെയ്‌തു.